കൊച്ചി: ഒക്ടോബര്‍ രണ്ട് ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമെന്ന് കെസിബിസി. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് നിശ്ചയിച്ചിരിക്കുന്ന വിവിധ പരിപാടികളാല്‍ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അന്ന് പ്രവൃത്തി ദിനമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതിനെതിരെയാണ് കെസിബിസി രംഗത്തെത്തിയത്.
ക്രൈസ്തവര്‍ വളരെ പ്രാധാന്യം കല്‍പ്പിക്കുകയും പ്രത്യേകമായി ആചരിക്കുകയും ചെയ്യുന്ന ദിവസമാണ് ഞായറാഴ്ച. അന്നേദിവസം ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയിരുന്ന മുന്‍കാലങ്ങളിലേതില്‍നിന്ന് വ്യത്യസ്തമായി ഞായറാഴ്ചകളില്‍ നിര്‍ബന്ധിത പരിപാടികള്‍ നടപ്പാക്കുന്ന ശൈലി വര്‍ധിച്ചുവരുന്നതായി കെസിബിസി കുറ്റപ്പെടുത്തി.
വിവിധ കാരണങ്ങളുടെ പേരില്‍ ഞായറാഴ്ചകളില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രവൃത്തി ദിനമാക്കി നിശ്ചയിക്കുന്ന സംഭവങ്ങള്‍ പതിവാകുകയാണ്. കഴിഞ്ഞ ജൂണ്‍ മുപ്പത് ഞായറാഴ്ച കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രവൃത്തി ദിനമായി നിശ്ചയിക്കപ്പെടുകയുണ്ടായി.എല്ലാവര്‍ഷവും ഓണത്തോട് അനുബന്ധിച്ച് രണ്ടാം ശനിയാഴ്ച നടത്തിയിരുന്ന വള്ളംകളി മത്സരം ഇത്തവണ ഒരു ഞായറാഴ്ചയാണ് നടത്തിയത്. വിവിധ മത്സരപരീക്ഷകള്‍ക്കും മറ്റ് പരിപാടികള്‍ക്കും ഞായറാഴ്ച ദിവസങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന രീതിയും വര്‍ധിച്ചുവരുന്നു.
ഇത്തരമൊരു പ്രവണതയോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പം ഒക്ടോബര്‍ രണ്ടിന് സംസ്ഥാന വ്യാപകമായി നിശ്ചയിച്ചിരിക്കുന്ന പരിപാടികള്‍ ഒക്ടോബര്‍ ഒന്നോ, മൂന്നോ തീയതികളിലായി പുനഃക്രമീകരിക്കാന്‍ ആവശ്യപ്പെടുന്നതായും കെസിബിസി അറിയിച്ചു.