പത്തനാപുരം : പ്രതിഷേധങ്ങള്‍ക്കും അനിശ്ചിത്വതിനും ഒടുവില്‍ കേച്ചേരി ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കമുകുംചേരി ഹരിഭവനിൽ എസ്.വേണുഗോപാലിനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. എന്ത് പ്രശ്നം ഉണ്ടായാലും മുഖം നോക്കാതെ ആക്ഷന്‍ എടുക്കുവെന്നു അവകാശപ്പെടുന്ന പോലീസ് ഇത്തരത്തിലുള്ള വമ്പന്മാരെ അറസ്റ്റ് ചെയ്യാന്‍ വിമുഖത കാണിക്കുന്നത് എന്ത് കൊണ്ടാണെന്ന് മനസിലാവുന്നില്ല. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിലും ഇതേ സമീപനം തന്നെയായിരൂന്നു പോലീസിന്. ചിട്ടി വട്ടമെത്തിയിട്ടും പണം കിട്ടാതെ വന്ന നിരവധി പേര്‍ പരാതിയുമായി പുനലൂര്‍ പോലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് എടുക്കാന്‍ പോലീസ് തയാറായില്ല.
1300 കോടിയുമായി മുങ്ങിയ കേച്ചേരി ഫിനാന്‍സ് ഉടമയെ നാട്ടുകാര്‍ ആണ് പിടികൂടി പോലീസിലേല്‍പ്പിച്ചത്. ഇയാളെ പിടികൂടുമ്പോള്‍ കയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്നും ലക്ഷങ്ങളാണ് പിടികൂടിയത്. ഇയാളുടെ ചൊല്‍പ്പടിക്കു തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ പണവുമായി എത്തിയതായിരുന്നു എന്നാണ് നാട്ടുകാര്‍ ആരോപിച്ചത്. നിക്ഷേപകരില്‍ നിന്നും ഡിപ്പോസിറ്റുകള്‍ സ്വീകരിക്കുകയും ധാരാളം പേരെ ചിട്ടിയില്‍ ചേര്‍ത്ത് തുക സ്വരൂപിക്കുകയും ചെയ്തിരുന്നു. ഈ തുകകള്‍ പല രീതിയില്‍ വഴിമാറ്റി ചെലവാക്കിയതാണ് കമ്പനിക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകാന്‍ കാരണമായത്.
നിക്ഷേപകരും ചിട്ടിക്ക് ചേര്‍ന്നവരും സ്ഥാപനത്തില്‍ നിക്ഷേപിച്ചിരുന്ന തുകകള്‍ പിന്‍വലിക്കാന്‍ ചെന്നപ്പോള്‍ നല്‍കിയില്ല. മാസങ്ങള്‍ നീണ്ട അവധി പറയുകയും ചെയ്തു. ഇതോടെയാണ് സ്ഥാപനം പൊട്ടിയെന്ന് നിക്ഷേപകര്‍ക്ക് മനസിലായത്. ധാരാളം നിക്ഷേപകര്‍ ശാഖാ ഓഫീസുകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി. പുനലൂരില്‍ തന്നെ നിരവധി പരാതികള്‍ സ്റ്റേഷനില്‍ എത്തി. എന്നാല്‍ കേസെടുത്തില്ലെന്ന് മാത്രമല്ല കേസെടുക്കാന്‍ തങ്ങള്‍ക്ക് നിര്‍ദേശമൊന്നും കിട്ടിയിട്ടില്ല എന്നാണ് പോലീസ് അന്ന് പറഞ്ഞത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 14 ബ്രാഞ്ചുകളാണ് ഈ സ്ഥാപനത്തിനുള്ളത്.
ചിട്ടി മുതലാളിയെ സംരക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്ന സംശയം ബലപ്പെടുന്നു. പോലീസിന് മേലും സമ്മര്‍ദം ഉണ്ടായെന്നാണ് സൂചന. കൂടാതെ പത്തനാപുരം എംഎല്‍എ ഗണേശ് കുമാര്‍ പ്രതിയെ സംരക്ഷിക്കാന്‍ കൂട്ട് നിന്നുവെന്ന ആരോപണവും നിക്ഷേപകര്‍ ഉന്നയിക്കുന്നു. സാധാരണക്കാരന്‍ ഒരു ഹെല്‍മെറ്റ് എടുക്കാന്‍ മറന്നാല്‍ ഫൈന്‍ അടപ്പിക്കാതെ വിടില്ല. ജീവിക്കാന്‍ വേണ്ടി പണി എടുക്കുന്നവനു ഫൈനും വമ്പന്‍ തട്ടിപ്പുകാര്‍ക്ക് ഒത്താശയും. അവരെ ഒന്ന് തൊടാന്‍ പോലും പോലീസ് കാര്‍ മടിക്കുന്നു.
കൊട്ടാരക്കര, കുന്നിക്കോട്, പത്തനാപുരം, പുനലൂർ, ഏനാത്ത്, പൂയപ്പള്ളി സ്റ്റേഷനുകളിൽ ഇതുസംബന്ധിച്ച പരാതികളുണ്ട്. തട്ടിപ്പിനിരയായവർ കർമസമിതി രൂപീകരിച്ച് തിരുവോണദിവസം കേച്ചേരി ഉടമയുടെ വീട്ടുപടിക്കൽ നിരാഹാരസമരം നടത്തിയിരുന്നു. നൂറുകണക്കിനാളുകളാണ് കഴിഞ്ഞ ദിവസം താമരക്കുടിയിലെ വീടിനുമുന്നിൽ തടിച്ചുകൂടിയത്.
പട്ടാഴി ബ്രാഞ്ചിലെ മാനേജരുടെ സഹോദരന്റെ വീട്ടിലേയ്ക്കായി എത്തിയ ഇയാളെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റു മൂന്നു പേരെയും വേണുഗോപാലിനെയും പോലീസ് അറസ്റ്റ് ചെയ്തു. പല തവണ നിക്ഷേപകരോട് അവധി പറഞ്ഞ് മുങ്ങി നടക്കുകയായിരുന്നു. തട്ടിപ്പ് നടത്തി മുങ്ങി ഒളിവില്‍ കഴിയുന്ന സമയത്തും താന്‍ പരിശുദ്ധനാണെന്നും തന്റെ സ്ഥാപനത്തിലെ സ്റ്റാഫ് ആണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന കാണിച്ച് ഇയാൾ ലൈവ് വീഡിയോ ഇറക്കിയിരുന്നു. തന്റെ ഭാഗം ന്യായികരിക്കാനാണ് അത് വഴി വേണുഗോപാല്‍ ശ്രമിച്ചത് .
നിക്ഷേപകർ തടഞ്ഞു വെച്ച് മർദിക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് മാറി നിൽക്കുന്നത് എന്നായിരുന്നു പ്രചരണം. താൻ ആത്മാർഥമായി സ്‌നേഹിച്ചു കൂടെ കൊണ്ടു നടന്ന ജീവനക്കാരനാണ് തനിക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ വ്യാജപ്രചാരണം അഴിച്ചു വിട്ടത്. ഇതു കാരണമാണ് നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിക്കാനെത്തിയത്. തന്റെ ഭാര്യയുടെയും മക്കളുടെയും ചിത്രം സഹിതമാണ് സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടത്. സാമ്പത്തിക കാര്യങ്ങളിൽ യാതൊരു ബന്ധവും തന്റെ കുടുംബത്തിനില്ല. ചിട്ടി എന്താണെന്ന് പോലും ഭാര്യയ്ക്കും മകനും അറിയില്ല. ഒപ്പം നടന്നിരുന്നയാൾ ഇങ്ങനെ ഒരു ചതി ചെയ്തതിൽ വിഷമമുണ്ട്.
2018 ലെ മഹാപ്രളയവും സ്ഥാപനത്തെ ബാധിച്ചുവത്രേ. ഏറ്റവും രസകരമായ കാര്യം കമ്പനിയുടെ ശാഖകൾ ഉള്ള സ്ഥലങ്ങളിൽ മഹാപ്രളയം ബാധിച്ചത് ചെങ്ങന്നൂർ, പന്തളം എന്നീ ശാഖകളെ മാത്രമാണ്. രണ്ടു ശാഖകളെ പ്രളയം ബാധിച്ചതു കൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയെന്ന കാരണം നിരത്തുന്നത്. മറ്റൊരു പ്രധാന കാരണമായി പറയുന്നത് കോവിഡാണ്. കോവിഡ് കാലത്ത് ചിട്ടിയുടെ അടവ് മുടങ്ങി. സ്വർണപ്പണയത്തിലുള്ള പലിശ കിട്ടാതെ പോയി. ഇനിയാണ് ഏറ്റവും വിചിത്രമായ കാരണം പറയുന്നത്.
കോവിഡ് ലോക്ഡൗൺ ഒറ്റയടിക്ക് പിൻവലിച്ചാണത്രേ സ്ഥാപനത്തിന്റെ പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണം! ലോക്ഡൗൺ പിൻവലിച്ചതോടെ നിക്ഷേപകർക്ക് പണത്തിന് അത്യാവശ്യം വരികയും രണ്ടര വർഷത്തോളമുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അവർ നിക്ഷേപം പിൻവലിക്കാനെത്തുകയും ചെയ്തു. ഇതു വരെ പലിശ പിൻവലിക്കാതിരുന്നവർ ഒറ്റ ഗഡുവായി അത് ആവശ്യപ്പെട്ടു വന്നു. കുറച്ച് സ്വത്തുക്കൾ പണയം വച്ച് ഒരു കോടിയോളം അവർക്ക് നൽകി.
ശേഷിച്ചത് പണയപ്പെടുത്തി ബാങ്കിൽ നിന്ന് ലോണെടുക്കാൻ ശ്രമിച്ചു. സ്ഥാപനം പൊട്ടിയെന്ന വാർത്ത പരന്നതു കൊണ്ടാകാം അത് ലഭിക്കാതെ പോയി. ഒരു തോട്ടം വിൽക്കാൻ ശ്രമിച്ചു. അതിന് നാലിലൊന്ന് വില പോലും പറഞ്ഞില്ല. സാഹചര്യം മുതലെടുക്കുകയായിരുന്നു അവർ. എന്നിട്ടും അതുകൊടുത്ത് കുറച്ച് കടം വീട്ടാൻ ശ്രമിച്ചു. ഇതൊന്നും നടക്കാതെ വന്നു. അപ്പോഴാണ് നിക്ഷേപകർ തന്നെ ബന്ദിയാക്കി പണം വാങ്ങാനെത്താൻ സാധ്യതയുണ്ടെന്ന വിവരം കിട്ടിയത്. ഇതോടെയാണ് വീടു പൂട്ടി നാടുവിടേണ്ടി വന്നത് എന്നായിരുന്നു വേണു ഗോപാലിന്റെ കുമ്പസാരം.