പത്തനംതിട്ട : തൊഴിലുറപ്പ് തൊഴിലാളികള്‍ കൂട്ടംകൂടി പണിയെടുക്കുന്നത് ഒഴിവാക്കണമെന്ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷന്‍ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.
കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിച്ചായിരിക്കണം ജോലിചെയ്യേണ്ടത്. പണി ആയുധങ്ങള്‍ പരസ്പരം കൈമാറരുതെന്ന് മാത്രമല്ല മാസ്‌ക്, കൈയുറയും നിര്‍ബന്ധമായും ധരിക്കണം. ജില്ലയില്‍ കോവിഡ്-19 വൈറസ് നിയന്ത്രിക്കുന്നതില്‍ മുന്‍കരുതലിന്റെ ഭാഗമായാണ് നിര്‍ദ്ദേശം. തൊഴിലാളികള്‍ ജോലി തുടങ്ങുന്നതിന് മുന്‍പും ശേഷവും ഇടവേളകളിലും കൈകള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയാലും ഇത് ആവര്‍ത്തിക്കണം. സോപ്പും വെള്ളവും പ്രവര്‍ത്തിസ്ഥലത്ത് ലഭ്യമാക്കണം. ഇതിന്റെ ചെലവ് പദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കും. ഓരൊരുത്തരും തോര്‍ത്ത് കരുതണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുണി ഉപയോഗിച്ച് വായും മൂക്കും മൂടണം. പ്രവര്‍ത്തി പരിസരങ്ങളില്‍ തുപ്പരുത്. തൊഴിലാളികളില്‍ ആര്‍ക്കെങ്കിലും അസ്വസ്ഥത തോന്നുന്നുവെങ്കില്‍ ബന്ധപ്പെട്ട പഞ്ചായത്തിലെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെടണം. അടിയന്തരഘട്ടത്തില്‍ ജില്ലാ മെഡിക്കല്‍ഓഫീസറുമായി ബന്ധപ്പെടണമെന്നും മിഷന്‍ ഡയറക്ടറുടെ സര്‍ക്കുറില്‍ പറയുന്നു. ‘ബ്രേക്ക് ദ ചെയിന്‍’ ക്യാമ്പയിന്റെ ഭാഗമായി കൈകഴുകല്‍ കേന്ദ്രം എല്ലാപ്രവൃത്തിസ്ഥലങ്ങളിലും സ്ഥാപിക്കുന്നതിന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നും തൊഴിലുറപ്പ് തൊഴിലാളികളുടെ ഇടയില്‍ നിരന്തരം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍കൂടിയായ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.