ശരീരത്തില്‍ ധാരാളം ജലാംശം ഉണ്ടായിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. ജലാംശം ധാരാളം ഉളളപ്പോള്‍ കൂടെക്കൂടെ മൂത്രമൊഴിക്കും. അങ്ങനെ അപകടകാരികളായ ബാക്ടീരിയകളെ പുറന്തള്ളാന്‍ കഴിയും. ദിവസം കുറഞ്ഞത് 10 ഗ്ലാസ് ശുദ്ധജലമെങ്കിലും കുടിക്കണം. ദീര്‍ഘദൂരയാത്രകള്‍ ചെയ്യുമ്പോഴും വെയിലത്ത് ദീര്‍ഘനേരം നില്‍ക്കേണ്ടിവരുമ്പോഴും വിയര്‍പ്പ് കൂടുതലുള്ളപ്പോഴും ഇടയ്ക്കിടെ വെള്ളം കുടിക്കാന്‍ മറക്കരുത്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം ഉടനെ തന്നെ മൂത്രമൊഴിക്കണം. യോനീഭാഗം വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കുകയും വേണം.
മൂത്രസഞ്ചി അല്പം താഴോട്ട് ഇറങ്ങുന്നവര്‍ മൂത്രമൊഴിച്ചശേഷം അല്പം എഴുന്നേറ്റ് നിന്ന് ഒരിക്കല്‍ക്കൂടി മൂത്രം ഒഴിക്കുന്നത് നല്ലതായിരിക്കും. ഇങ്ങനെയുളളവര്‍ ചരിഞ്ഞും കമഴ്ന്നും കിടക്കുന്നത് നല്ലതാണ്. യോനീഭാഗം വൃത്തിയായി സൂക്ഷിക്കണം. വൃത്തിയാക്കുമ്പോള്‍ മുമ്പില്‍ നിന്ന് പുറകോട്ടുവേണം കഴുകാന്‍. മലദ്വാരത്തില്‍ നിന്ന് യോനീഭാഗത്തേക്ക് അണുബാധ ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും. വിസര്‍ജ്യത്തിന്റെ അംശങ്ങള്‍ ഒരു കാരണവശാലും യോനീ ഭാഗത്ത് വരരുത്. ടോയ്‌ലറ്റില്‍ പോയശേഷം ആദ്യം യോനീഭാഗം കഴുകിക്കഴിഞ്ഞ ശേഷം മാത്രം പിറകുഭാഗം കഴുകുക. പിറകുഭാഗത്ത് സ്പര്‍ശിച്ച കൈകൊണ്ട് യോനീ ഭാഗത്ത് സ്പര്‍ശിക്കാനിടയായാല്‍ അവിടെ ബാക്ടീരിയകള്‍ വ്യാപിക്കാനിടയാകും. ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് ഗര്‍ഭപാത്രത്തിന് രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുകയും ഉണ്ടെങ്കില്‍ ചികിത്സ തേടുകയും ചെയ്യണം.