ന്യൂഡൽഹി : നിർഭയ കേസിൽ വധശിക്ഷ കാത്ത് കഴിയുന്ന നാല് കുറ്റവാളികളെ എത്രയും വേഗം തൂക്കിലേറ്റണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് പ്രതികൾ വധശിക്ഷയ്ക്ക് കാലതാമസം വരുത്തുന്നതിൽ താൻ നിരാശനാണെന്നും കെജ്‍രിവാൾ പറഞ്ഞു. അവർ എത്രയും പെട്ടെന്ന് തൂക്കിലേറ്റപ്പെടണം. ബലാത്സംഗക്കേസുകളിലെ നമ്മുടെ നിയമങ്ങളിൽ എത്രയും പെട്ടെന്ന് ഭേദഗതി വരുത്തേണ്ടതാവശ്യമാണ്. അത്തരക്കാരെ ആറ് മാസത്തിനകം തൂക്കിലേറ്റണം. കെജ്‍രിവാൾ ട്വീറ്റ് ചെയ്തു.
കെജ്‍രിവാളിന്റെ ട്വീറ്റ് വന്ന് മണിക്കൂറുകൾക്ക് ശേഷം നിർഭയകേസിലെ കുറ്റവാളികളുടെ വധശിക്ഷ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നീട്ടിവച്ചതായി ഡൽഹി കോടതിയുടെ ഉത്തരവ് പുറത്ത് വന്നിരുന്നു. ജയിൽ നിയപ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒന്നിലധികം പ്രതികളിൽ ഒരു പ്രതി അപ്പീൽ നൽകിയാൽ മറ്റ് പ്രതികളുടെയും വധശിക്ഷ മാറ്റിവയ്ക്കും. പ്രതികളിലൊരാളായ വിനയ് ശർമ്മ വധശിക്ഷയ്ക്കെതിരെ നൽകിയ പരാതിയിലാണ് ഡൽഹി പട്യാല കോടതിയാണ് വധശിക്ഷ നീട്ടിവയ്ക്കാൻ ഉത്തരവായത്. രണ്ടാം തവണയാണ് നിർഭയ കുറ്റവാളികളുടെ വധശിക്ഷ മാറ്റിവയ്ക്കുന്നത്.