ന്യൂഡല്‍ഹി: ഒരു മാസം 200 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്ന ഡല്‍ഹി നിവാസികളില്‍ നിന്നും വൈദ്യുതി ചാര്‍ജ് ഈടാക്കില്ലെന്ന് തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് അരവിന്ദ് കെജ്‌രിവാള്‍ നടത്തിയ പ്രഖ്യാപനം പാവപ്പെട്ടവരില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി രമേഷ് ബിദൂരി. ഡല്‍ഹിയില്‍ വോട്ടെടുപ്പ് പുരോഗമിക്കവെ ആം ആദ്മി പാര്‍ട്ടി ഏറെ മുന്നേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ താഴെതട്ടിലെത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ ബിജെപിയുടെ പ്രകടനം മികച്ചതാവുമെന്നും അല്ലാത്തപക്ഷം കെജ്‌രിവാളിന്റെ സൗജന്യ വൈദ്യുതി എന്ന വാഗ്ദാനം ഫലം കാണുമെന്നും ബിദൂരി പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിലാണ് 200 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും ചാര്‍ജ് ഈടാക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്. ഇതിനായി വര്‍ഷം 1800 മുതല്‍ 2000 കോടി രൂപ വരെ ഊര്‍ജ സബ്‌സിഡിയായി സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2015 ല്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത് മുതല്‍ വൈദ്യുതി ബില്ലുകളില്‍ 50 ശതമാനം സബ്‌സിഡി നല്‍കുന്നുണ്ട്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ ആം ആദ്മി പാര്‍ട്ടി ബിജെപിയേക്കാള്‍ ബഹുദൂരം മുന്നിലാണ്. ഡല്‍ഹിയില്‍ കേവല ഭൂരിപക്ഷത്തിന് 36 സീറ്റാണ് വേണ്ടത്.