പയ്യോളി : കെ കേളപ്പന്‍റെ പ്രതിമ അദ്ദേഹത്തിന്റെ തറവാടായ തുറയൂരിലെ കോയപ്പള്ളി വീട്ടുമുറ്റത്ത് ചൊവ്വാഴ്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനാച്ഛാദനം ചെയ്യും. 5.30 നു നടക്കുന്ന ചടങ്ങില്‍ കെ.മുരളീധരന്‍ എം പി, ടി.പി രാമകൃഷ്ണന്‍ എംഎല്‍എ, തുറയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഗിരീഷ് എന്നിവര്‍ പങ്കെടുക്കും. ഏഴാം തിയ്യതി കേളപ്പജിയുടെ 50 ആം ചരമവാര്‍ഷികദിനമാണ്. അതിന്റെ ഭാഗമായാണ് പൂര്‍ണകായപ്രതിമ സ്ഥാപിക്കുന്നത്.
ഏഴടി ഉയരമുള്ള പ്രതിമ ശില്പി ചിത്രന്‍ കുഞ്ഞിമംഗലമാണ് നിര്‍മിച്ചത്. രണ്ടേക്കര്‍വരുന്ന തറവാട്ടുസ്ഥലം 2005 മുതല്‍ കൊയപ്പള്ളി പരിപാലന തറവാട് ട്രസ്റ്റിന് കീഴിലാണ്. പഴയ നാലു കെട്ടു തനിമ ചോരാതെ പുതുക്കിപ്പണി തിരിക്കുന്നു. പടി പ്പൂരയക്ക് മാറ്റമ്മൊന്നുമില്ല. ഭവനവും പടിപ്പുരയും ക്ഷേത്രവുമെല്ലാം ചരിത്ര സ്മാരകമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി കോയപ്പള്ളിയും അതുമായി ബന്ധപ്പെട്ടുമുള്ള തറവാട്ടിലെ അംഗങ്ങളുടെ പേരുകള്‍ ചുമരില്‍ എഴുതിവെച്ചിരിക്കുന്നു. മുകള്‍ നിലയില്‍ സ്വാതന്ത്യ സമരവുമായി ബന്ധപ്പെട്ടതും കേളപ്പജി പങ്കെടുത്ത നിര്‍ണായകമായ ചരിത്ര മുഹൂര്‍ത്തങ്ങളും സംഭവങ്ങളും കേരളത്തിന്റെ തനതു ശൈലിയില്‍ രചിച്ചിരിക്കുന്നു.
ആ കാലത്ത് ഫോട്ടോയെടുക്കാത്ത സംഭവങ്ങളും ചരിത്രങ്ങളായി സ്ഥാനം പിടിച്ചിട്ടുണ്ട്. വരമുഖി വുമണ്‍ ആര്‍ട്ട് കമ്യൂണ്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന 18 യുവതികളാണ് ഇതെല്ലാം ആലേഖനം ചെയ്തത്. മജ്നി തിരുവങ്ങൂര്‍, അഞ്ജന വി രമേശ്, അഭിന ശേഖര്‍, കെ.ടി ശരീഫ എന്നിവരാണ് നേതൃത്വം നല്കിയത്. ഗുരുവായൂര്‍ സത്യാഗ്രഹം, ഉപ്പ് സത്യഗ്രഹം, ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല, ഭാരതപ്പുഴയില്‍ ഗാന്ധിജിയുടെ ചിതാഭസ്മം ഒഴുക്കുന്ന കെ.കേളപ്പന്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. കൂടാതെ മാഹി കലാഗ്രാമത്തിലെ കെ.ഇ സുലോചന വരച്ച ശ്രീബുദ്ധന്റെ ചിത്രവും ശ്രദ്ധേയമാണ്. ഏഴിന് രാവിലെ പുഷ്പാര്‍ച്ചനയും സാംസ്കാരിക യോഗവും നടക്കും.