പത്തനംതിട്ട: പുനലൂർ തെന്മലയിലെ സ്വകാര്യ അഭയകേന്ദ്രത്തിൽ താമസിച്ചിരുന്ന വയോജന സ്ത്രീകൾ നേരിട്ടതായി പുറത്തുവന്ന ലൈംഗികാതിക്രമം, ശാരീരിക പീഡനം, മാനസിക പീഡനം, സ്വാതന്ത്ര്യനിഷേധം തുടങ്ങിയ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളില്‍ ശക്തമായ അന്വേഷണം വേണമെന്ന് കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് ആവശ്യപ്പെട്ടു. സുരക്ഷയും സംരക്ഷണവും ലഭിക്കേണ്ട അഭയകേന്ദ്രം തന്നെ വയോജന സ്ത്രീകൾക്ക് ഭയത്തിന്റെയും പീഡനത്തിന്റെയും കേന്ദ്രമായി മാറിയെന്ന വാർത്ത അതീവ ആശങ്കാജനകമാണ്.
കുടുംബത്തിന്റെയും സമൂഹത്തിന്റെയും സംരക്ഷണം നഷ്ടപ്പെട്ടവർക്കായി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് കേരളത്തിന്റെ സാമൂഹിക സുരക്ഷാ സംവിധാനത്തിന് ഗുരുതര വെല്ലുവിളിയാണ്. ലോക വയോജന പീഡന ബോധവത്കരണ ദിനം ആചരിക്കുന്ന ഈ ഘട്ടത്തിൽ, വയോജനങ്ങൾ നേരിടുന്ന ശാരീരിക, മാനസിക, സാമ്പത്തിക, ലൈംഗിക പീഡനങ്ങളുടെ യാഥാർത്ഥ്യത്തിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ തിരിക്കുന്ന സംഭവമാണിത്. പ്രത്യേകിച്ച് സ്ഥാപനങ്ങളിൽ താമസിക്കുന്ന വയോജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശക്തമായ നിരീക്ഷണ സംവിധാനങ്ങളുടെ അഭാവം ഈ സംഭവം വെളിപ്പെടുത്തുന്നു.
സംഭവത്തെക്കുറിച്ച് ഉന്നതതല ജുഡീഷ്യൽ അല്ലെങ്കിൽ പ്രത്യേക സംഘം അന്വേഷണം നടത്തണം. അഭയകേന്ദ്രത്തിലെ എല്ലാ അന്തേവാസികൾക്കും അടിയന്തിര സുരക്ഷയും പുനരധിവാസവും ഉറപ്പാക്കണം. സംസ്ഥാനത്തെ എല്ലാ സ്വകാര്യ വയോജന സംരക്ഷണ കേന്ദ്രങ്ങളുടെയും പ്രവർത്തനം അടിയന്തിരമായി പരിശോധിക്കണം. രജിസ്ട്രേഷനില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. വയോജന സംരക്ഷണ സ്ഥാപനങ്ങൾക്ക് നിർബന്ധിത ലൈസൻസിംഗ്, സാമൂഹ്യ ഓഡിറ്റ്, സിസിടിവി നിരീക്ഷണം, പരാതിപരിഹാര സംവിധാനം എന്നിവ നടപ്പിലാക്കണം.
സ്ഥാപനങ്ങളിലെ അന്തേവാസികളെ സന്ദർശിക്കാനും നിരീക്ഷിക്കാനും സാമൂഹ്യനീതി വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, അംഗീകൃത സാമൂഹ്യപ്രവർത്തകർ എന്നിവരുടെ സംയുക്ത സംവിധാനമൊരുക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മുന്നോട്ട് വെയ്ക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നയപരമായ ഇടപെടലുകൾ നടത്തുകയും ചെയ്യണമെന്ന് കെ.എ.പി.എസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.































