കോഴിക്കോട് : കേരള ബാങ്കിലും തട്ടിപ്പ് , അവകാശികളില്ലാത്ത അരക്കോടിയോളം രൂപയുടെ നിക്ഷേപങ്ങള്‍ മകളുടെ അക്കൗണ്ടിലേക്കു മാറ്റിയ കേരള ബാങ്ക് ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തു. ഇവര്‍ മുന്‍പ് ജോലി ചെയ്തിരുന്ന ബ്രാഞ്ചു കളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ തുക തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തും. കേരള ബാങ്ക് കോഴിക്കോട്ടെ മെയിന്‍ ബ്രാഞ്ചിലാണ് സംഭവം. ബാങ്കിലെ സീനിയര്‍ അക്കൗണ്ടന്റ് ആയിരുന്ന പി.ടി ഉഷാദേവിയാണു ഇടപാടുകാരുടെ പണം മകളുടെ അക്കൗണ്ടിലേക്കു മാറ്റി തട്ടിയെടുത്തത്. ക്ലെയിം ചെയ്യപ്പെടാതെ കിടന്നിരുന്ന സ്ഥിര നിക്ഷേപങ്ങളും ദീര്‍ഘകാലമായി ഇടപാടുകള്‍ നടക്കാത്ത അക്കൗണ്ടുകളിലെ പണവുമാണു മാറ്റിയതെന്നാണു കണ്ടെത്തല്‍. സഹകരണ ബാങ്കുകള്‍ക്ക് നിക്ഷേപങ്ങളില്‍ നല്‍കേണ്ടിയിരുന്ന പലിശ ഇനത്തില്‍ 2.50 ലക്ഷം രൂപയും രണ്ടു തവണയായി മകളുടെ അക്കൗണ്ടിലേക്കു മാറ്റിയതായി കണ്ടെത്തി. ഇതേ ബാങ്കിലെ തന്നെ മറ്റൊരു സ്ത്രീയുടെ അക്കൗണ്ടിലേക്കും 1.25 ലക്ഷം രൂപ മാറ്റിയിട്ടുണ്ട്. ഇത്തരത്തില്‍ 50 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുക ഇവര്‍ തട്ടിയെടുത്തെന്നാണു വിവരം. ബാങ്കിലെ ഓഡിറ്റിങ്ങിലാണു തട്ടിപ്പു പുറത്തായത്.
സഹപ്രവര്‍ത്തകരുടെ കംപ്യൂട്ടര്‍ ലോഗിനും പാസ്‍വേര്‍ഡും ഉപയോഗിച്ചാണ് ഇവര്‍ തട്ടിപ്പു നടത്തിയതെന്നാണു സംശയം. തുക പാസാക്കേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സീറ്റില്‍ ഇല്ലാത്ത സമയം ഉഷാദേവി ഇവരുടെ കംപ്യൂട്ടറില്‍ നിന്നു തുക പാസാക്കി എടുക്കുകയായിരുന്നുവത്രെ. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തു. ഗുരുതരമായ ക്രിമിനല്‍ കുറ്റമെന്ന നിലയില്‍ പോലീസില്‍ പരാതി നല്‍കുകയോ കര്‍ശന നടപടികള്‍ എടുക്കുകയോ ചെയ്യാതെ സസ്പെന്‍ഷനില്‍ മാത്രം ഒതുക്കുകയാണെന്നാണ് ആരോപണം. അതേസമയം പ്രശ്നം ശ്രദ്ധയില്‍പെട്ടതു മുതല്‍ കര്‍ശന നടപടികള്‍ എടുത്തതായി ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇവരെ സഹായിച്ച ജീവനക്കാരുടെ പങ്കും അന്വേഷണത്തില്‍ തെളിയേണ്ടതുണ്ട്. അതിനാല്‍ ഗുരുതര അച്ചടക്ക നടപടിക്കായി വിശദമായ അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നു കേരള ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.