മലബാറില്‍ കടല്‍ത്തീരങ്ങളുടെ പട്ടിക എടുത്താല്‍ അതില്‍ ഏറെയും മുന്‍പന്തിയില്‍ ഉണ്ടാവുക കോഴിക്കോട് ജില്ലയിലെ ബീച്ചുകളാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരിടമാണ് ബേപ്പൂര്‍ ബീച്ച്. എല്ലാ മലയാളികള്‍ക്കും സുപരിചിതനായ കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്വന്തം ഇടമായ ബേപ്പൂര്‍ തന്നെ. വിനോദസഞ്ചാരികള്‍ക്കും ചരിത്രകാരന്മാര്‍ക്കും അനുയോജ്യമായ ഒരു ഇടം തന്നെയാണ്. കൂടാതെ സാഹിത്യ-സാംസ്‌കാരിക തനിമയൂറുന്ന ഇവിടം അത്തരത്തിലുള്ള പരിപാടികളുടെ ഒരു പ്രധാന ലൊക്കേഷന്‍ കൂടിയാണ്. താരതമ്യേന ഒരു ചെറിയ തുറമുഖവും സുന്ദരമായ ഒരു കടല്‍ത്തീരവും ഇവിടെയുണ്ട് എന്നതാണ് ഏറ്റവും ആകര്‍ഷണീയമായ കാര്യം. കേരളത്തിലെ പുരാതനമായ തുറമുഖങ്ങളില്‍ ഒന്നാണ് ബേപ്പൂര്‍ തുറമുഖം. മദ്ധ്യപൂര്‍വ്വ ദേശങ്ങളുമായി ബേപ്പൂര്‍ തുറമുഖം വാണിജ്യ ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. നമ്മള്‍ ഏറെ പറഞ്ഞുകേട്ട ഉരുവിന്റെ (തടികൊണ്ട് ഉണ്ടാക്കുന്ന കപ്പല്‍) നിര്‍മ്മാണത്തിന് ഏറെ പേരുകേട്ട ഇടം കൂടിയാണ് ബേപ്പൂര്‍.
ഉരു എന്നറിയപ്പെടുന്ന അറേബ്യന്‍ ഗതാഗത കപ്പല്‍ തന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. മിക്ക ആധുനിക കമ്പനികളും ബ്ലൂപ്രിന്റുകളെയും സാങ്കേതികവിദ്യയെയും ആശ്രയിക്കുമ്പോള്‍, ഇവിടം മനുഷ്യരുടെ കഴിവിനും ബുദ്ധിക്കും തന്നെയാണ് പ്രാധാന്യം നല്‍കുന്നത്. അത്രയധികം അച്ചടക്കത്തോടെയാണ് ഓരോ ഉരുവും നിര്‍മ്മിച്ചെടുക്കുന്നത്. ഇവിടെ നിന്ന് അടുത്തുള്ള ഫിഷിംഗ് ഹാര്‍ബറിലേക്ക് നടക്കാം. അല്ലെങ്കില്‍ ദേശാടന പക്ഷികളുടെ വിഹാരകേന്ദ്രമായ കടലുണ്ടി പക്ഷി സങ്കേതത്തിലേക്ക് പോകാം. ഒരുപാട് സാധ്യതകള്‍ ഉള്ള ഇടമാണ് ഇത്. കൂടാതെ കോഴിക്കോട് ടൗണില്‍ നിന്നാണ് നിങ്ങള്‍ യാത്ര ആരംഭിക്കുന്നതെങ്കില്‍ കോഴിക്കോട്ടെ മരവ്യവസായത്തിന് പേരുകേട്ട ഇടമായ കല്ലായിയും സന്ദര്‍ശിക്കാവുന്നതാണ്. മറ്റൊരു ചരിത്രപരമായ പ്രാധാന്യമുള്ള മേഖലയാണിത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിലും കോഴിക്കോട് നഗരത്തിലെ തിരക്കുപിടിച്ച തടി വ്യവസായകേന്ദ്രമായിരുന്നു കല്ലായ്.