കൊച്ചി: കഴിഞ്ഞ സീസണിലെ സൂപ്പര്‍ കപ്പിനൊടുവില്‍ ക്ലബ്ബ് വിട്ട സഹ പരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദിന്‍റെ പകരക്കാരനെ പ്രഖ്യാപിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. റിസര്‍വ് അസിസ്റ്റന്‍റ് കോച്ച് ആയിരുന്ന ടി ജി പുരുഷോത്തമനായിരിക്കും വരുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്‍റെ സഹ പരിശീലകന്‍. മുഖ്യ പരിശീലകന്‍ ഇവാന്‍ വുകമനോവിച്ചിന് കീഴിലായിരിക്കും പുരുഷോത്തമന്‍ പ്രവര്‍ത്തിക്കുക. മുന്‍ ഇന്ത്യന്‍ താരമായ പുരുഷോത്തമന്‍ 2001-2002ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗമായിരുന്നു. ദേശീയ ഫുട്ബോള്‍ ലീഗില്‍ വാസ്കോ ഗോവ, മഹീന്ദ്ര യുണൈറ്റഡ് എഫ് സി എന്നീ ക്ലബ്ബുകള്‍ക്കായി തിളങ്ങിയ പുരുഷോത്തമന്‍ 2007-2008 സീസണില്‍ ഐ ലീഗില്‍ വിവ കേരളക്കുവേണ്ടി കളിച്ചാണ് ബൂട്ടഴിച്ചത്.
2019-2020 ലെ സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിന്‍റെയും സഹപരീശീലകനായിരുന്നു പുരുഷോത്തമന്‍. മൂന്നുവർഷം ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ഇഷ്ഫാഖ് നാലുവർഷം സഹപരിശീലകനായി പ്രവർത്തിച്ചശേഷമാണ് കഴിഞ്ഞ സീസണൊടുവില്‍ ക്ലബ്ബ് വിട്ടത്. ഐഎസ്എല്‍ കഴിഞ്ഞ സീസണില്‍ പ്ലേ ഓഫിലെത്തിയ ബ്ലാസ്റ്റേഴ്സിന് സെമിയിലെത്താനായിരുന്നില്ല. ബെംഗലൂരു എഫ് സിയുമായുള്ള പ്ലേ ഓഫ് മത്സരം സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീ കിക്ക് ഗോളിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് ബഹിഷ്കരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ കേരളാ ബ്ലാസ്റ്റേഴ്സിന് പിഴയും പരിശീലകന്‍ ഇവാന്‍ വുകമനോവിച്ചിന് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു.