തിരുവനന്തപുരം : ഐഎഎസ് നേടാൻ വ്യാജസർട്ടിഫിക്കറ്റുണ്ടാക്കിയ സംഭവത്തിൽ സബ് കളക്ടർ ആസിഫ് കെ യൂസഫിനെതിരെ സംസ്ഥാന സർക്കാരിന് നടപടിയെടുക്കാമെന്ന് കേന്ദ്രസർക്കാർ. ഇതോടെ സംസ്ഥാന സർക്കാർ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ആസിഫ് കെ യൂസഫിനെതിരായ നടപടിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനമെടുക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
ആസിഫ് വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് സംസ്ഥാനം കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തെ അറിയിച്ചിരുന്നു. സാധാരണഗതിയിൽ ഐഎഎസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. അതാണ് ചട്ടം. എന്നാൽ ഈ വിഷയത്തിൽ സംസ്ഥാനം തീരുമാനമെടുക്കട്ടെ എന്നാണ് ഇപ്പോൾ കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. ഗുരുതരമായ ആരോപണത്തിൽ സംസ്ഥാന സർക്കാരിന് എന്തു നടപടി സ്വീകരിക്കാനാകും എന്നതാണ് ഇപ്പോഴത്തെ ആശയക്കുഴപ്പം.