തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ സമ്മേളന സമയത്ത് നടന്ന അവിശ്വാസപ്രമേയത്തിലും രാജ്യസഭാ ഇലക്ഷനിലും കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും നിലപാടുകളില്‍ വ്യത്യസ്തരായി പരസ്പരം വിപ്പുകള്‍ നല്‍കിക്കൊണ്ട് ഏറ്റുമുട്ടിയിരുന്നു. യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ട ജോസ് കെ മാണി വിഭാഗം സ്വതന്ത്ര നിലപാട് സ്വീകരിച്ചുകൊണ്ട് വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുവാന്‍ തീരുമാനിക്കുകയുണ്ടായി. അതിന്‍പ്രകാരം റോഷി അഗസ്റ്റിന്‍ എംഎല്‍എ കേരള കോണ്‍ഗ്രസിലെ അഞ്ച് എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ യുഡിഎഫ് മുന്നണിയില്‍ നില്‍ക്കുന്ന പി ജെ ജോസഫ് വിഭാഗം, യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന നിലപാടാണ് സ്വീകരിച്ചത്. അതിന്‍പ്രകാരം മോന്‍സ് ജോസഫ് എംഎല്‍എ എല്ലാവര്‍ക്കും വിപ്പ് നല്‍കുകയും ചെയ്തു.
അന്നേദിവസം വോട്ടെടുപ്പില്‍ ജോസ് കെ മാണി വിഭാഗത്തില്‍ നിന്നും ഡോ. എന്‍ ജയരാജും റോഷി അഗസ്റ്റിനും വിട്ടുനില്‍ക്കുകയും പി ജെ ജോസഫ് വിഭാഗത്തില്‍ നിന്നും പിജെ ജോസഫും മോന്‍സ് ജോസഫും വോട്ടെടുപ്പില്‍ പങ്കെടുക്കുകയും ചെയ്തു. സി ഫ് തോമസ് എം എല്‍എ അന്ന് വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നില്ല. സി എഫ് തോമസ് എംഎല്‍എ, റോഷി അഗസ്റ്റിന്‍ നല്‍കിയ വിപ്പ് അനുസരിച്ചാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നതെന്ന് ജോസ് കെ മാണി വിഭാഗവും അതല്ല മറിച്ച് ആരോഗ്യപരമായ കാരാണങ്ങളാലാണ് പങ്കെടുക്കാതിരുന്നതെന്ന് പി ജെ ജോസഫ് വിഭാഗവും അവകാശപ്പെട്ടിരുന്നു. ആയതിനാല്‍ തന്നെ ഇരുവിഭാഗവും സിഫ് തോമസിനെ അയോഗ്യരാക്കുവാന്‍ പരാതി നല്‍കിയിരുന്നില്ല. ബഹുമാനപ്പെട്ട സി എഫ് തോമസ് എംഎല്‍എയുടെ നിര്യാണത്തൊടെ ഇനിയൊരു ഹിയറിംഗിന് സാഹചര്യമില്ല.
ഇരുവിഭാഗത്തെയും പരസ്പരം അയോഗ്യരാകുവാനുള്ള പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ നിയമോപദേശം തേടിയത്. കെഎം മാണി മരിക്കുമ്പോള്‍ ഉള്ള കേരള കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നിയമസഭയിലെ ചീഫ് വിപ്പ് റോഷി അഗസ്റ്റിന്‍ ആണെന്നതും ആയതിനു ശേഷമുള്ള യാതൊരുവിധ നടപടികള്‍ക്കും നിയമ സാധ്യത ഇല്ലാത്തതിനാല്‍ പ്രസ്തുത വോട്ടെടുപ്പ് നടക്കുന്ന ദിവസം റോഷി അഗസ്റ്റ്യന്‍ തന്നെയായിരുന്നു വിപ്പ് എന്ന് സ്പീക്കര്‍ക്ക് നിയമോപദേശം ലഭിച്ചതായി അറിയുന്നു. കെഎം മാണിയുടെ മരണശേഷം പി ജെ ജോസഫ് വിളിച്ചുകൂട്ടിയ പാര്‍ലമെന്ററി പാര്‍ട്ടി യോഗമോ അതില്‍ നടത്തിയിട്ടുള്ള മാറ്റങ്ങളോ സ്പീക്കര്‍ അംഗീകരിച്ചിരുന്നില്ല. നിയമസഭാ വെബ്‌സൈറ്റിലും മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല. ആയതിനാല്‍ തന്നെ റോഷി അഗസ്റ്റിന്‍ എംഎല്‍എ യുടെ വിപ്പ് അനുസരിക്കാതിരുന്നവര്‍ക്കെതിരെ നടപടി ആകാമെന്ന നിയമോപദേശമാണ് സ്പീക്കര്‍ക്ക് ലഭിച്ചിരിക്കുന്നത്.
ഇതോടൊപ്പംതന്നെ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ വിധിന്യായത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും എംപിമാരുടെയും എംഎല്‍എമാരുടെയും അംഗങ്ങളിലെ ഭൂരിപക്ഷവും ജോസ് കെ മാണിക്ക് അനുകൂലമായതിനാല്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയും രണ്ടില ചിഹ്നവും ജോസ് കെ മാണി വിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്ന വിധിയും സ്പീക്കര്‍ കണക്കിലെടുക്കുമെന്നു കരുതപ്പെടുന്നു. നിയമസഭയിലെ വോട്ടെടുപ്പ് ദിവസം രണ്ടില ചിഹ്നത്തില്‍ വിജയിച്ച അഞ്ച് എംഎല്‍എമാരില്‍ സിഫ് തോമസടക്കം മൂന്നുപേരും റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ വിപ്പില്‍ പറഞ്ഞിരുന്നതു പോലെ നിയമസഭയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നുവെന്ന വസ്തുത കൂടി കണക്കിലെടുത്തു കൊണ്ടായിരിക്കും സ്പീക്കര്‍ തീരുമാനത്തിലെത്തുക എന്നറിയുന്നു. ആയതിനാല്‍ തന്നെ ഈ വസ്തുതകള്‍ കണക്കിലെടുത്തും സ്പീക്കര്‍ക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലും പി ജെ ജോസഫിനും മോന്‍സ് ജോസഫിനും ഉടന്‍ തന്നെ അയോഗ്യത കല്‍പ്പിക്കപ്പെടാനുള്ള സാധ്യതയാണ് കാണുന്നത്.
ജനപ്രാതിനിധ്യനിയമപ്രകാരം സ്പീക്കറുടെ അയോഗ്യത ലഭിച്ചുകഴിഞ്ഞാല്‍ പി ജെ ജോസഫിനും മോന്‍സ് ജോസഫിനും ആറു വര്‍ഷത്തേക്ക് മത്സരിക്കുന്നതിന് വിലക്കുണ്ടാവും. ഇനി നിയമസഭാ ഇലക്ഷന് ഒരുവര്‍ഷം കാലാവധി ഇല്ലാത്തതിനാല്‍, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അതിനടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കുന്നതില്‍ നിന്നും ഇരുവര്‍ക്കും അയോഗ്യത വരും. ആയതിനാല്‍ തന്നെ സ്പീക്കര്‍ക്കെതിരെ കോടതിയില്‍ പോകുവാനായിരിക്കും പിജെ ജോസഫ് ശ്രമിക്കുക. നിലവില്‍ ഭരണഘടനാ സ്ഥാപനമായ കേന്ദ്ര ഇലക്ഷന്‍ കമ്മീഷനെതിരെ കോടതിയില്‍ കേസ് നടത്തിക്കൊണ്ടിരിക്കുന്ന പി ജെ ജോസഫിന് സര്‍ക്കാരിനും ഭരണഘടനാപരമായ സംരക്ഷണമുള്ള സ്പീക്കര്‍ക്കും കൂടി എതിരെ കേസ് നടത്തേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.