കോട്ടയം : അപകടങ്ങള്‍ തുടര്‍ക്കഥയായ പുളിന്തറവളവില്‍ ഇന്ന് എത്തിയവരൊക്കെ ആദ്യം ഒന്ന് അമ്പരന്നു. സൂപ്പര്‍ കൗണ്ടറടിച്ച് എം.എല്‍.എയുടെ ഹെല്‍പ്പ് ലൈന്‍ ഓഫീസ് എന്ന ബോര്‍ഡ്. ഇതിനൊപ്പം ശവപ്പെട്ടിക്ക് 90 % ഡിസ്‌കൗണ്ട് എന്ന മറ്റൊരു ബോര്‍ഡ്. 8000 രൂപയുടെ ശവപ്പെട്ടിക്ക് 800 രൂപമാത്രം. പുഷ്പചക്രം ഫ്രീ. ഇതിനു പിന്നാലെ ഇതുവഴിയെത്തിയവര്‍ക്ക് മധുരപലഹാരവും. വാഹനം നിറുത്തിയും നിരത്തിലിറങ്ങിയും കാര്യങ്ങള്‍ വീക്ഷിച്ചതോടെയാണ് സാഹചര്യം പലര്‍ക്കും വ്യക്തമായത്.
പുളിന്തറ വളവ് നിവര്‍ത്തി അപകടം പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്ത കടുത്തുരുത്തി എം.എല്‍.എയ്‌ക്കെതിരെയുള്ള വേറിട്ട സമരമായിരുന്നു ഇത്. കേരളാ കോണ്‍ഗ്രസ്-എം മാഞ്ഞൂര്‍ മണ്ഡലം കമ്മിറ്റിയാണ് സമരത്തിന് നേതൃത്വം നല്‍കിയത്.
അപകടദൃശ്യം ചിത്രീകരിച്ച് എം.എല്‍.എയ്‌ക്കെതിരെ കഴിഞ്ഞദിവസം ഡി.വൈ.എഫ്.ഐ സമരം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേരളാ കോണ്‍ഗ്രസ്-എം നേതൃത്വവും സമരം ശക്തമാക്കി രംഗത്തിറങ്ങിയത്. പുളിന്തറ വളവ് നിവര്‍ത്താന്‍ കഴിയാത്തത് സര്‍ക്കാര്‍ അനാസ്ഥയാണെന്ന് പറയുന്ന മോന്‍സ് ജോസഫ് എം.എല്‍.എ മലര്‍ന്ന് കിടന്നുതുപ്പുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത കേരളാ കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. രണ്ട് പതിറ്റാണ്ട് എം.എല്‍.എയായും പൊതുമരാമത്ത് മന്ത്രിയായും അധികാരത്തിലിരുന്ന ശേഷം സംസ്ഥാന സര്‍ക്കാരിനെ പഴിക്കുന്നത് ആത്മവഞ്ചനയാണെന്ന് എം.എല്‍.എ തിരിച്ചറിയണമെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
കോട്ടയം, എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ പ്രധാനപ്പെട്ട പുളിന്തറ വളവ് പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്തിട്ടും നിവര്‍ത്താന്‍ കഴിയാതിരുന്നത് അംഗീകരിക്കാന്‍ തയ്യാറാകുകയാണ് വേണ്ടത്. ഈ കാലയളവില്‍ ഭൂമി ഏറ്റെടുക്കാന്‍ കഴിയാതിരുന്നതിന്റെ കാരണം എംഎല്‍എ വ്യക്തമാക്കുകയും ജനത്തെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യണമെന്ന് കേരളാ കോണ്‍ഗ്രസ് -എം നേതാക്കള്‍ ആവശ്യപ്പെട്ടു.
പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് കെ.സി മാത്യു അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ഭാരവാഹികളും നേതാക്കളുമായ ബിജു മറ്റപ്പള്ളി, സക്കറിയാസ് കുതിരവേലി, എ എം ജോസഫ്, തോമസ് അരയത്ത് ജോണ്‍ എബ്രഹാം, രാജു മാണി, ജോര്‍ജ് പട്ടമന, ഷാജി ആറ്റുപുറം, ജോര്‍ജ്ജുകുട്ടി കാറുകുളം, സാബു കല്ലട, വര്‍ഗീസ് വാഴക്കന്‍, ജോയ് കക്കാട്ടില്‍, നവകുമാര്‍, ജോസഫ് പുള്ളിക്കാപ്പറമ്പില്‍, ജോസുകുട്ടി കക്കാട്ടില്‍, സിബി, എല്‍സമ്മ ബിജു, സാലിമോള്‍ ജോസഫ്, ജോസ് വൈപ്പിക്കുന്നല്‍, ജോബിന്‍ ചക്കംകുഴി, സാം ജോണ്‍സണ്‍ എന്നിവര്‍ പ്രതിഷേധ സമരത്തിന് നേത്രുത്വം നല്‍കി.