കോട്ടയം : കേരളാ കോണ്‍ഗ്രസ് പിളര്‍പ്പില്‍ നിലവില്‍ പുറത്തുവന്നിരിക്കുന്ന ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവ് പിജെ ജോസഫ് വിഭാഗത്തിന് വന്‍ തിരിച്ചടിയായി എന്നു മാത്രമല്ല ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കനത്ത പ്രത്യാഘാതങ്ങള്‍കൂടി സൃഷ്ടിക്കുന്നതാണ്. പിളര്‍പ്പില്‍ ജോസ് കെ മാണിയുടെ പാര്‍ട്ടിയെ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് ആയി അംഗീകരിച്ച സാഹചര്യത്തില്‍ ജോസഫ് വിഭാഗത്തിന് സംസ്ഥാന പാര്‍ട്ടി എന്ന നിലയിലുള്ള അംഗീകാരം പോലും ലഭിക്കാന്‍ ഇടയില്ല.
ഭരണഘടനാ സ്ഥാപനമായ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവിനെതിരെ സുപ്രീം കോടതി പോലും ഒരു പരിധിക്കപ്പുറമുള്ള ഇടപെടലുകള്‍ നടത്താറില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നം എന്നത് കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ നിയമ പ്രകാരം കമ്മീഷന്റെ സ്വത്താണ്. അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുകയാണ് ചെയ്യുന്നത്. അതാര്‍ക്ക് നല്‍കണമെന്നതും കമ്മീഷന്റെ അവകാശമാണ്. അതില്‍ കോടതി ഇടപെടാറില്ല. മാത്രമല്ല ഇത്തരം കേസുകളില്‍ മുന്‍ കാലത്ത് സുപ്രീം കോടതി ഉത്തരവിട്ടിട്ടുള്ള നിര്‍ദേശങ്ങള്‍ കൂടി പാലിച്ചുകൊണ്ടാണ് ഉത്തരവെന്ന് ഇന്നത്തെ ഉത്തരവില്‍ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ജോസഫ് ലക്ഷ്യമിടുന്നത് പഴയ ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കുക എന്നതാണ്. തന്റെ പേരില്‍ തന്നെ പാര്‍ട്ടി ഉണ്ടാകണമെന്നതാണ് ജോസഫിന്റെ ആഗ്രഹം. മാണിയുടെ പാര്‍ട്ടി പിടിച്ചെടുക്കാന്‍ ശ്രമിച്ചത് ജോസ് കെ മാണിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. ആ നീക്കം തകര്‍ന്നു. ഇനി പഴയ ജോസഫ് ഗ്രൂപ്പ് പുനസ്ഥാപിക്കാനാകും ജോസഫിന്റെ നീക്കം. അപ്പോഴും മുന്‍പിലുള്ള വെല്ലുവിളി ഒരു സംസ്ഥാന പാര്‍ട്ടിയാകാനുള്ള നിയമസഭയിലെ അംഗബലം ജോസഫ് വിഭാഗത്തിന് ഇല്ലെന്നതാണ്. സംസ്ഥാന പാര്‍ട്ടിയായി അംഗീകരിക്കണമെങ്കില്‍ 4 എം എല്‍ എമാരോ ഒരു എംപിയോ വേണം. ഇതു രണ്ടും ജോസഫ് വിഭാഗത്തിനില്ല.
ഇപ്പോള്‍ ഉള്ളത് 3 എം എല്‍ എ മാര്‍ മാത്രമാണ്. അതിനായി അടുത്ത തെരഞ്ഞെടുപ്പ് കഴിയും വരെ ജോസഫ് കാത്തിരിക്കണം. അതുവരെ രജിസ്റ്റേഡ് പാര്‍ട്ടിയായി ജോസഫിന് തുടരേണ്ടി വരും. അതേ സമയം ഇതേ വിധി ജോസ് കെ മാണിക്ക് എതിരായിരുന്നെങ്കിലും 2 എംപിമാരും 2 എംഎല്‍ എ മാരുമുള്ള പാര്‍ട്ടി എന്ന നിലയില്‍ അവര്‍ക്ക് സംസ്ഥാന പാര്‍ട്ടി എന്ന അംഗീകാരം ലഭിക്കുമായിരുന്നു.