പത്തനംതിട്ട : കേന്ദ്ര സർക്കാർ പെട്രോൾ- ഡീസൽ വില ദിവസേന വർദ്ധിപ്പിച്ചുകൊണ്ട് വൻകിട മുതലാളിമാരെ സഹായിക്കുകയാണെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസ് ആരോപിച്ചു. കെ.റ്റി.യു.സി (എം) ജോസഫ് വിഭാഗം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ കളക്ട്രേറ്റ് പടിക്കൽ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ധന വില വർദ്ധനവ് പരിഹരിക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ ഉടൻ സ്വീകരിക്കുക, തൊഴിലുറപ്പ് ജോലികൾ ചെയ്തു കൊണ്ടിരിക്കുന്ന 65 വയസ്സ് കഴിഞ്ഞ തൊഴിലാളികൾക്കും തൊഴിൽ നൽകുക, തൊഴിൽ ദിനങ്ങൾ 200 ആയി വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് കൂലി 400 രൂപയാക്കുക, വന്യ ജീവി ശല്യത്തിൽ നിന്നും കർഷകരെ സഹായിക്കാൻ വേണ്ട സത്വര നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം.
കെ.റ്റി.യു.സി (എം) ജില്ലാ പ്രസിഡന്റ് തോമസുകുട്ടി കുമ്മണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എൻ. ബാബു വർഗീസ്, നിയോജക മണ്ഡലം പ്രസിഡണ്ടുമാരായ ദീപു ഉമ്മൻ, ജോസ് കെ. എസ്, സംസ്ഥാന കമ്മിറ്റി അംഗം കുഞ്ഞുമോൻ കെങ്കിരേത്ത്, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് സജി കൂടാരത്തിൽ, കെ.റ്റി.യു.സി(എം) ജില്ല സെക്രട്ടറി സജി കളക്കാട്, സന്തോഷ് വർഗീസ്, റോയി പുത്തൻ പറമ്പിൽ, രാജൻ പി. ദാനിയേൽ, യൂസഫ് കൂടൽ, കെ. സി. നായർ എന്നിവര്‍ പ്രസംഗിച്ചു..