ന്യൂഡൽഹി : ഓരോ മൂന്നു ദിവസം കൂടുമ്പോൾ ഒരാൾ വീതം വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്ന ഇടമായി കേരളം മാറിയ സാഹചര്യത്തിൽ കാട്ടുപന്നി ഉൾപ്പെടെ പെറ്റുപെരുകുന്ന ചില വന്യമൃഗങ്ങളെ എങ്കിലും ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി ആവശ്യപ്പെട്ടു. ഫ്രാൻസിസ് ജോർജ് എം. പി ക്ക് ഒപ്പം കേന്ദ്ര പരിസ്ഥിതി- വനം- കാലാവസ്ഥാ മാറ്റ വകുപ്പു മന്ത്രി ഭൂപേന്ദർ യാദവിനു നൽകിയ നിവേദനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഹിമാചൽ പ്രദേശിലും മറ്റും വന്യജീവി ആക്രമണം വർധിച്ചപ്പോൾ ചില ശല്യക്കാരായ ജീവികളെ നിയന്ത്രിത ഉന്മൂലനത്തിനു വിധേയമാക്കിയതും ഉത്തരാഖണ്ഡിലും മറ്റും നീലക്കാള എന്ന നീൽഗൈകളെപ്പോലും നിയന്ത്രിക്കാൻ നടപടി എടുത്തതും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഈ രീതി അവലംബിച്ച് കാട്ടുപന്നികളെ ഓരോ വർഷവും മൂന്നോ നാലോ മാസത്തേക്ക് നിയന്ത്രിക്കാൻ കേരളത്തിനും അനുമതി നൽകണം. എല്ലാ വനസംരക്ഷണ നിയമങ്ങളും പാലിച്ച് ഉദ്യോഗസ്ഥ മേൽനോട്ടത്തിൽ തന്നെ ഇതു ചെയ്താൽ മതി. കഴിയുന്നിടത്തോളം വൈദ്യുതി വേലികളും മറ്റ് ശാസ്ത്രീയ മാർഗങ്ങളും ഉപയോഗിച്ച് ഇവയുടെ വരവ് നിയന്ത്രിക്കണം.
ഓരോ വനമേഖലകളുടെയും വാഹക ശേഷി പരിശോധിച്ച് താങ്ങാവുന്നതിന് അപ്പുറമുള്ള വന്യജീവികളെ മാറ്റി പാർപ്പിക്കുകയോ വംശവർധന ശാസ്ത്രീയമായി നിയന്ത്രിക്കുകയോ ചെയ്യണം. ഇതിനാവശ്യമായ പഠനങ്ങൾ നടത്തണം. വനമേഖലകളോടു ചേർന്നുള്ള കൃഷിയിടങ്ങളിൽ മാത്രമായിരുന്നു ഒരു കാലത്ത് വന്യജീവികവളുടെ കടന്നുകയറ്റമെങ്കിൽ ഇപ്പോൾ ജനവാസ മേഖലയായ നാട്ടിൻപുറങ്ങളിലേക്കും അവ വ്യാപിച്ചു. കേരളത്തിൽ ഒരു വർഷം ശരാശരി എണ്ണായിരത്തോളം മനുഷ്യ–വന്യജീവി സംഘർഷങ്ങൾ ഉണ്ടാകുന്നതായും ഇതിൽ ശരാശരി എൺപതിലേറെപ്പേർ മരണമടയുന്നതായും സംസ്ഥാന വനം വകുപ്പിന്റെ കണക്കുകൾ പറയുന്നു. പാമ്പുകടിയേറ്റ് മരിച്ചവർ– 52. ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവർ–27. കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചവർ–8, കടുവയുടെ ആക്രമണത്തിൽ മരണം–1 എന്നിങ്ങനെയാണ് 2021 ലെ ലഭ്യമായ കണക്കുകൾ.
988 പേർക്ക് പരുക്കേറ്റു നാനൂറോളം കന്നുകാലികൾക്കു ജീവഹാനി ഉണ്ടായി. കഴിഞ്ഞ 4 വർഷത്തിനിടെ 124 പേർ കാട്ടാന ആക്രമണത്തിലും 6 പേർ കടുവകളുടെ ആക്രമണത്തിലും 356 പേര് മറ്റ് വന്യജീവികളുടെ ആക്രമണത്തിലും കൊല്ലപ്പെട്ടതായി രാജ്യസഭയിൽ കഴിഞ്ഞമാസം 25 -നു നൽകിയ മറുപടിയിൽ പരിസ്ഥിതി കാലാവസ്ഥാ മാറ്റ വകുപ്പു മന്ത്രി തന്നെ സമ്മതിച്ചതുമാണ്. 486 മരണങ്ങൾ നാലു വർഷത്തിനിടെ എന്നത് ഇത് ഞെട്ടിപ്പിക്കുന്ന കണക്കാണ്. എണ്ണൂറിലേറെ വളർത്തു മൃഗങ്ങളെ വന്യജീവികൾ കൊന്നതായും കണക്കുകളിൽ കാണുന്നു. ഇതിന് പരിഹാരം ഉണ്ടാകണമെന്നും പുതുശേരി നിവേദനത്തിൽ ആവശ്യപ്പെട്ടു.