പത്തനംതിട്ട: കേരള കൗൺസിൽ ഓഫ് ചർച്ചസ് വാർഷിക അസംബ്ലി മീറ്റിംഗ് 2024 ഫെബ്രുവരി 4, 5 തീയതികളിൽ കോന്നി രാജൻ അച്ചൻ ഫൗണ്ടേഷൻ എക്യൂമെനിക്കൽ സെന്റ്റിൽ വെച്ച് നടക്കുന്നു. സമ്മേളനത്തിൻ്റെ സ്വാഗത സംഘം രൂപീകരണം കോന്നി രാജൻ അച്ചൻ ഫൗണ്ടേഷൻ എക്യൂമെനിക്കൽ സെൻ്റർ ഓഡിറ്റോറിയത്തിൽ വെച്ച് കെ സി സി ജനറൽ സെക്രട്ടറി അഡ്വ. ഡോ. പ്രകാശ് പി തോമസ് ഉദ്ഘാടനം ചെയ്തു. ഫാദർ ഷൈജു കുര്യൻ അദ്ധ്യക്ഷ വഹിച്ചു. സമ്മേളനത്തിൽ ക്രൈസ്തവ സഭകളിലെ സഭാ മേലധ്യക്ഷന്മാർ, തിരുമേനിമാർ, വൈദിക ശ്രേഷ്ഠർ, മന്ത്രിമാർ, ജനപ്രതിനിധികൾ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, ബൈബിൾ സ്റ്റഡി, എക്യൂമെനിക്കൽ വർഷിപ്പ് എന്നിവ സമ്മേളനത്തിൽ നടക്കും. 51 അംഗങ്ങൾ അടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു. അഭിവന്ദ്യ തിരുമേനിമാർ രക്ഷാധികാരികളായും വൈദികർ ചെയർമാൻമാരായും കെ സി സി സോണുകളിലേ ഭാരവാഹികൾ അംഗങ്ങളായും ഉള്ള കമ്മറ്റികൾ വാർഷിക സമ്മേളനത്തിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. യോഗത്തിൽ കെസിസി ഫെയ്ത്ത് അൻഡ് മിഷൻ വൈസ് ചെയർമാൻ ഫാ. ബെന്യാമിൻ ശങ്കരത്തിൽ, കെസിസി കോന്നി അസംബ്ലി വൈസ് പ്രസിഡൻ് സജി മുക്കരണത്ത്, സെക്രട്ടറി അനീഷ് തോമസ് വാനിയേത്ത്, ട്രഷർ ജോസ് പനച്ചയ്ക്കൽ,വനിതാ കമ്മിഷൻ അംഗം ജെസ്സി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.