തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ തൃശ്ശൂർ ടൈറ്റൻസിന് കിരീടം. കലാശപ്പോരിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ നാലുവിക്കറ്റിന് കീഴടക്കി. കാലിക്കറ്റ് ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം അവസാന ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ തൃശ്ശൂർ മറികടന്നു. ഇതാദ്യമായാണ് തൃശ്ശൂർ കിരീടം നേടുന്നത്. 49 പന്തിൽ 69 റൺസെടുത്ത ഇമ്രാനാണ് ടോപ്സ്കോറർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശ്ശൂരിന് ആദ്യ ഓവറിൽ തന്നെ വിഷ്ണു രാജിനെ നഷ്ടമായി. എട്ടുറൺസാണ് താരത്തിന്റെ സമ്പാദ്യം. രണ്ടാം വിക്കറ്റിൽ അഹമ്മദ് ഇമ്രാനും രോഹിത് കെ.ആറും ചേർന്നാണ് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയത്. ടീം മൂന്നോവറിൽ 35 ലെത്തി. എന്നാൽ നാലാം ഓവറിൽ രോഹിത് പുറത്തായി. 11 പന്തിൽ നിന്ന് രോഹിത് 18 റൺസെടുത്തു.
പിന്നാലെയിറങ്ങിയ സഞ്ജീവ് സതീശനൊപ്പം അഹമ്മദ് ഇമ്രാൻ തൃശ്ശൂരിനെ കരകയറ്റി. കാലിക്കറ്റ് ബൗളർമാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ടീമിനെ ആറോവറിൽ അമ്പത് കടത്തി. കാലിക്കറ്റ് ബൗളർമാർക്ക് പിടികൊടുക്കാതെ ഇരുവരും സ്‌കോറുയർത്തി.
പത്തോവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 85 റൺസെന്ന നിലയിലായിരുന്നു തൃശ്ശൂർ. 13-ാം ഓവറിൽ ടീമിനെ നൂറുകടത്തിയ അഹമ്മദ് ഇമ്രാനും സഞ്ജീവും തൃശ്ശൂരിന് ജയപ്രതീക്ഷ സമ്മാനിച്ചു. ഇരുവരും മൂന്നാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. 15 ഓവറിൽ 126-2 എന്ന നിലയിലായിരുന്നു തൃശ്ശൂർ. എന്നാൽ 16-ാം ഓവറിൽ അഹമ്മദ് ഇമ്രാനെ പുറത്താക്കി ജോസ് പെരയിൽ കാലിക്കറ്റിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 49 പന്തിൽ നിന്ന് 69 റൺസെടുത്താണ് ഇമ്രാൻ മടങ്ങിയത്. പിന്നാലെ ആ ഓവറിൽ തന്നെ സഞ്ജീവ് സതീശനും(29) കൂടാരം കയറി. അതോടെ തൃശ്ശൂർ പ്രതിരോധത്തിലായി. എന്നാൽ എം.എസ്. അഖിൽ, നിഖിൽ തോട്ടത്ത് എന്നിവർ തൃശ്ശൂരിനായി പൊരുതി.
ഈ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് തൃശ്ശൂരിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അവസാന മൂന്ന് ഓവറിൽ 24 റൺസാണ് തൃശ്ശൂരിന് ജയിക്കാൻ വേണ്ടിയിരുന്നത്. നിഖിൽ 14 റൺസെടുത്ത് പുറത്തായി. മുഹമ്മദ് ഇനാനും അഖിലും അടിച്ചുകളിച്ചതോടെ അവസാനഓവറിൽ ലക്ഷ്യം നാലുറൺസായി മാറി. അവസാനഓവറിലെ ആദ്യപന്തിൽ ഇനാൻ (8) പുറത്തായി. മൂന്നാം പന്തിൽ ബൗണ്ടറിയോടെ അഖിൽ ടീമിനെ ജയത്തിലെത്തിച്ചു. ആദ്യം ബാറ്റുചെയ്ത കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 167 റൺസാണെടുത്തത്. മൂന്നാം വിക്കറ്റിൽ അഖിൽ സ്‌കറിയയും അശ്വിൻ ആനന്ദും ചേർന്ന് പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് ടീമിന് കരുത്തായത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് തുടക്കത്തിൽ തകർച്ച നേരിട്ടു.
32 റൺസിനിടെ ടീമിന് രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ വരുൺ നായനാർ, രോഹൻ കുന്നുമ്മൽ എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. വരുൺ രണ്ട് റൺസെടുത്തപ്പോൾ രോഹൻ 21 റൺസെടുത്തു. എന്നാൽ മൂന്നാം വിക്കറ്റിൽ അഖിൽ സ്‌കറിയയും അശ്വിൻ ആനന്ദും ചേർന്ന് ടീമിനെ കരകയറ്റി. ഇരുവരും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ കാലിക്കറ്റിന്റെ ഇന്നിങ്‌സ് മുന്നോട്ടുകുതിച്ചു. അഖിലും ആനന്ദും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. 14-ാം ഓവറിൽ ടീം നൂറുകടന്നു. എന്നാൽ സ്‌കോർ 105 ൽ നിൽക്കേ അഖിൽ സ്‌കറിയ പുറത്തായി. 34 പന്തിൽ നിന്ന് 45 റൺസെടുത്താണ് താരം മടങ്ങിയത്. പിന്നാലെ ആനന്ദും പുറത്തായത് കാലിക്കറ്റിനെ പ്രതിരോധത്തിലാക്കി. 26 പന്തിൽ 40 റൺസാണ് താരത്തിന്റെ സമ്പാദ്യം. 15 ഓവറിൽ കാലിക്കറ്റ് 126-4 എന്ന നിലയിലായി. പിന്നാലെ അബ്ദുൾ ബാസിത്ത് 14 റൺസെടുത്ത് പുറത്തായി. വിക്കറ്റുകൾ വീണത് കാലിക്കറ്റിന്റെ സ്‌കോറിങ്ങിനെ ബാധിച്ചു.
പിന്നീട് സൽമാൻ നിസാറിന്റെ ഇന്നിങ്‌സാണ് ടീമിനെ 150 കടത്തിയത്. എന്നാൽ സൽമാൻ നിസാറും(16) ദേവനും(7) കൂടാരം കയറിയതോടെ ടീം പ്രതിരോധത്തിലായി. ഒടുക്കം 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 167 റൺസിന് കാലിക്കറ്റ് ഇന്നിങ്‌സ് അവസാനിച്ചു. ടൈറ്റൻസിന് വേണ്ടി അബ്ദുൾ റമീസ് മൂന്ന് വിക്കറ്റും ശരത് ചന്ദ്ര പ്രസാദ്,ആനന്ദ് ജോസഫ് എന്നിവർ രണ്ട് വിക്കറ്റുവീതവും വീഴ്ത്തി.


































