കൊച്ചി : നിക്ഷേപ തട്ടിപ്പ് നടത്തുവാന്‍ കേരള സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനെയും മറയാക്കുകയാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍. കേരള സര്‍ക്കാരിന്റെ ലൈസന്‍സ് എടുത്തിട്ടുള്ളതിന്റെ പേരില്‍ ഇവര്‍ പരസ്യം ചെയ്യുന്നത് കേരള സര്‍ക്കാര്‍ അംഗീകൃതം എന്നാണ്. ഇവരുടെ സ്ഥാപനങ്ങളുടെ ബോര്‍ഡിലും പത്ര മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങളിലും കേരള സര്‍ക്കാര്‍ അംഗീകൃതം എന്ന് വലിയ പ്രാധാന്യത്തോടെ എഴുതിയിരിക്കും. നിക്ഷേപകരെ ആകര്‍ഷിക്കുവാനും കൂടുതല്‍ വിശ്വാസ്യത ലഭിക്കുവാനുമാണ് ഈ തട്ടിപ്പ് നടത്തുന്നത്.
ഇതുപോലെതന്നെയാണ് റിസര്‍വ് ബാങ്കിനെയും സ്വകാര്യ ബ്ലെയിഡ് മുതലാളിമാര്‍ ഉപയോഗിക്കുന്നത്. റിസര്‍വ് ബാങ്ക് നല്‍കിയ സര്‍ക്കുലറോ അനുമതി പത്രമോ ഫ്രെയിം ചെയ്ത് വരുന്നവര്‍ കാണ്‍കെ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കും. ഇത് ശ്രദ്ധയില്‍പ്പെടുന്ന നിക്ഷേപകന്‍ ധരിക്കുന്നത് റിസര്‍വ് ബാങ്കിന്റെ ഗ്യാരണ്ടി തങ്ങളുടെ നിക്ഷേപത്തിന് ഉണ്ടെന്നാണ്. ജീവനക്കാര്‍ പറയുന്നതും ഇതുതന്നെയാണ്. റിസര്‍വ് ബാങ്ക് പറഞ്ഞിട്ടാണ് നിക്ഷേപം സ്വീകരിക്കുന്നതെന്നും പണത്തിന് പൂര്‍ണ്ണ ഗ്യാരണ്ടി ഉണ്ടെന്നും ഇവര്‍ പറയും. എന്നാല്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്ന പണം നഷ്ടപ്പെട്ടാല്‍ ഒരു ചില്ലിക്കാശുപോലും റിസര്‍വ് ബാങ്ക് തരില്ല എന്നതാണ് സത്യം.
ഇന്ത്യയൊട്ടാകെ നൂറുകണക്കിന് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ തകരുകയോ തകര്‍ക്കുകയോ ചെയ്തിട്ടുണ്ട്. എവിടെയെങ്കിലും ആര്‍ക്കെങ്കിലും റിസര്‍വ് ബാങ്ക് പണം നല്‍കിയിട്ടുണ്ടോ ? നിക്ഷേപകരുടെ കണക്കുകള്‍ പരിശോധിക്കുകയോ വിവരങ്ങള്‍ ശേഖരിക്കുകയോ റിസര്‍വ് ബാങ്ക് ചെയ്തിട്ടുണ്ടോ ?. ഇതൊക്കെ മൂടിവെച്ചു കൊണ്ടാണ് സ്വകാര്യ സ്ഥാപനങ്ങള്‍ റിസര്‍വ് ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നത്. സ്വകാര്യ മുതലാളിമാര്‍ തട്ടിപ്പ് നടത്തിയ പണം എന്തിന് റിസര്‍വ് ബാങ്ക് നല്‍കണമെന്നുപോലും സാധാരണ നിക്ഷേപകന്‍ ചിന്തിക്കുന്നില്ല. ദേശസാല്‍കൃത ബാങ്കുകള്‍ തകര്‍ന്നാല്‍ പരമാവധി ലഭിക്കുന്നത് അഞ്ചു ലക്ഷം രൂപയാണ്. എത്ര ലക്ഷം രൂപ നിക്ഷേപിച്ചാലും ഒരു നിക്ഷേപകന് ലഭിക്കുന്ന പരമാവധി തുകയാണ് 5 ലക്ഷം.
NCD യുടെ പേരില്‍ പല നിക്ഷേപകരും ചതിയില്‍പ്പെട്ടുകഴിഞ്ഞു. കോട്ടയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കൊശമറ്റം ഫിനാന്‍സ് കമ്പിനിയാണ് തങ്ങളുടെ ജീവനക്കാരെപ്പോലും പറ്റിച്ചത്. സാധാരണ നിക്ഷേപകരെ കൂടാതെ പതിറ്റാണ്ടുകളായി തങ്ങളുടെ ഫിനാന്‍സ് കമ്പിനിയില്‍ ജോലി ചെയ്ത റീജണല്‍ മാനേജര്‍മാരെയും മാനേജര്‍മാരെയും വരെ കൊശമറ്റം മാത്യു ചെറിയാന്‍ പറ്റിച്ചു. 2011 ലും 2013 ലും വിറ്റഴിച്ചത് കോടികള്‍ മുഖവിലയുള്ള കടപ്പത്രങ്ങള്‍ (NCD) ആണ്. 5 ലക്ഷം രൂപ കടം തന്നാല്‍ 10 വര്‍ഷം കഴിയുമ്പോള്‍ 20 ലക്ഷം തിരികെ നല്‍കാമെന്നായിരുന്നു കൊശമറ്റം മുതലാളി പറഞ്ഞു പറ്റിച്ചത്. കാലാവധി കഴിഞ്ഞപ്പോള്‍ പറഞ്ഞ തുക തരാതായത്തോടെ നിക്ഷേപകര്‍ നിയമനടപടിയുമായി നീങ്ങുകയായിരുന്നു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട കണ്‍സ്യൂമര്‍ കോടതികളില്‍ കേസ് നിലനില്‍ക്കുകയാണ്. ചില കേസുകളില്‍ നിക്ഷേപകര്‍ക്ക് അനുകൂലമായി വിധിയും വന്നുകഴിഞ്ഞു.