തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ വർധിച്ചു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയും ആണ് ബുധനാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 4485 രൂപയിലും പവന് 35,880 രൂപയിലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.
കഴിഞ്ഞ രണ്ടു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 74 രൂപ. സ്വർണത്തിന് മാർച്ചിലെ ഏറ്റവും ഉയർന്ന വില മാർച്ച് 1ന് രേഖപ്പെടുത്തിയ 34,440 രൂപ ആയിരുന്നു. ഈ മാസത്തെ ഉയർന്ന വില രേഖപ്പെടുത്തിയ ശേഷം സ്വർണ വില ഇന്നലെ ഇടിഞ്ഞിരുന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 4415 രൂപയും പവന് 35,320 രൂപയുമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. സ്വർണത്തിന് ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് പവന് ഏപ്രിൽ1 ന് രേഖപ്പെടുത്തിയ 33,320 രൂപയാണ്. 20 ദിവസത്തിനുള്ളിൽ സ്വർണ വിലയിലുണ്ടായ വർധന പവന് 2560രൂപയാണ്. അതേ സമയം രാജ്യാന്തര വിപണിയിൽ സ്വർണവില 1770 ഡോളറിൽ പിടിച്ചു നിന്നു. കോവിഡ് ഭീഷണിയുടെ സാഹചര്യത്തിൽ ഫണ്ടുകൾ കൂടുതലായി സ്വർണത്തിൽ നിക്ഷേപിക്കാനുള്ള പ്രവണത സ്വർണത്തിന് ഇനിയും മുന്നേറ്റ സാധ്യത നൽകുന്നുണ്ട്.