തിരുവനന്തപുരം : കോവിഡ്-19 രോഗ സാധ്യതയുള്ളവര്‍ക്ക് മാത്രമല്ല വയോധികര്‍ക്കും മറ്റു രോഗങ്ങളുള്ളവര്‍ക്കുമെല്ലാം ആരോഗ്യ സഹായവും പിന്തുണയുമായി സര്‍ക്കാര്‍ എത്തുന്നു. സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പോര്‍ട്ടലായ http://kerala.gov.in വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം.
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും വിദഗ്ധരുടെയും വലിയൊരു ശൃംഖലയ്ക്ക് പുറമേ സ്വകാര്യ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഈ പോര്‍ട്ടലിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാകും. രോഗബാധിതരേയും നിരീക്ഷണത്തിലുള്ളവരേയും ശുശ്രൂഷിക്കുന്നവര്‍, എല്ലാ വിഭാഗത്തിലുംപെട്ട ആരോഗ്യപ്രവര്‍ത്തകര്‍, അടുത്തിടെ വിദേശത്തുനിന്നെത്തിയവര്‍, മറ്റ് സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചെത്തിയവര്‍, രോഗസാധ്യതയുള്ളവര്‍ എന്നിവരുടെയെല്ലാം ബൃഹത് ഡാറ്റയാണ് അടിയന്തരമായി ശേഖരിക്കുന്നത്. ഇതിനായി സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (kerala.gov.in) രജിസ്ട്രേഷനുള്ള ലിങ്ക് ലഭ്യമാണ്. കേരളത്തില്‍ കോവിഡ്-19 സംബന്ധിച്ച പരിചരണം ആവശ്യമായി വന്നേക്കാവുന്ന മുഴുവന്‍ പേരും ഇന്നും നാളെയുമായി രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണം. തിങ്കളാഴ്ച മുതല്‍ ടെലിമെഡിസിന്‍ സേവനം ഉള്‍പ്പെടെ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള വയോധികരുടെയും കാന്‍സര്‍ രോഗചികിത്സയില്‍ കഴിയുന്നവര്‍, വിദേശത്തുനിന്നെത്തിയവര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ തുടങ്ങിയവ സര്‍ക്കാരിന് ലഭ്യമാണെങ്കിലും ഒരേ പ്ലാറ്റ്ഫോമില്‍ ആവശ്യമായ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ ചികിത്സാ സംവിധാനം കുറ്റമറ്റതാക്കാന്‍ കഴിയും.
സ്റ്റിറോയിഡ് മരുന്നുകള്‍ കഴിക്കുന്നവര്‍ ഉള്‍പ്പെടെ പ്രതിരോധ ശേഷി കുറഞ്ഞവരെയും കൊറോണ ബാധിതരുമായി സമ്പര്‍ക്കം ഉണ്ടായവരെയും കണ്ടെത്തി അടിയന്തര ഘട്ടങ്ങളില്‍ ചികിത്സ ലഭ്യമാക്കാനും ടെലിഫോണിലൂടെ ഡോക്ടര്‍മാരുമായി ബന്ധപ്പെടുത്താനും ഈ രജിസ്ട്രേഷന്‍ സഹായകമാകും. സര്‍ക്കാര്‍, സ്വകാര്യ ഡോക്ടര്‍മാരെ ഐ.എം.എയുടെ കൂടി സഹകരണത്തോടെ തിങ്കളാഴ്ച മുതല്‍ ടെലിഫോണില്‍ ലഭ്യമാക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.