തിരുവനന്തപുരം : കേന്ദ്രം നടപ്പാക്കിയ കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരെ ബദൽ നിയമം കൊണ്ടുവരാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു. നിയമ നിർമാണത്തിനായി സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. കാർഷിക പരിഷ്കരണ നിയമങ്ങൾ വോട്ടിനിട്ട് തള്ളാൻ നിയമസഭ സമ്മേളനം ചേരാനും സർക്കാർ തീരുമാനിച്ചു. ബുധനാഴ്ച സമ്മേളനം ചേരുന്നതിന് സർക്കാർ ഗവർണറോട് ശുപാർശ ചെയ്തു. കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമം മറികടക്കുന്നതിനായി മൂന്ന് നിയമങ്ങള്‍ പഞ്ചാബ് സര്‍ക്കാര്‍ പാസാക്കിയിരുന്നു.
ഛത്തീസ്ഗഢും സമാനമായ നീക്കവുമായി രംഗത്തുണ്ട്. ഇതിന്‍റെ ചുവടുപിടിച്ചാണ് കേരളവും ബദല്‍ നിയമത്തെക്കുറിച്ച് ആലോചിക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കാര്‍ഷിക ഉത്പന്നങ്ങളുടെ കരാര്‍ ഉണ്ടാക്കുന്നത് കുറ്റകരമാക്കിക്കൊണ്ടുള്ളതാണ് പഞ്ചാബ് സര്‍ക്കാറിന്‍റെ നിയമം. സമാനമായ നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച സാധ്യത പരിശോധിക്കാനാണ് സബ് കമ്മറ്റിയെ നിയോഗിച്ചിരിക്കുന്നത് .