തിരുവനന്തപുരം: ഉത്സവ, അവധിക്കാല സീസണുകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് അമിതമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിഷയത്തില്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. ഇന്ത്യയില്‍ നിന്നുളള വിമാനക്കമ്പനികളുടെ നിരക്കിനേക്കാള്‍ കുറവില്‍ ഗള്‍ഫില്‍ നിന്നും ചാര്‍ട്ടേഡ് ഫ്‌ലൈറ്റുകള്‍ ലഭ്യമാണോ എന്നത് പരിശോധിക്കും. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല അവലോകനയോഗത്തിലാണ് തീരുമാനം. ഇതിന്റെ ആദ്യപടിയായി വിമാനകമ്പനിയുമായി പ്രാഥമിക ചര്‍ച്ച നടത്താന്‍ യോഗത്തില്‍ തീരുമാനമായി.
ഇതിനായി സിയാല്‍ എംഡിയേയും നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയേയും യോഗം ചുമതലപ്പെടുത്തി. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംവിധാനമുളള കമ്പനികളുമായാണ് ചര്‍ച്ച. പ്രാഥമിക ചര്‍ച്ചകള്‍ക്കു ശേഷം അനുമതിക്കായി കേന്ദ്രവ്യോമയാന മന്ത്രാലയത്തെ സമീപിക്കാനും യോഗത്തില്‍ തീരുമാനിച്ചു.