ന്യൂഡൽഹി: മുൻ ഡി.ജി.പി. ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസിൽ ഡച്ച് കമ്പനിയായ ഐഎച്ച്സി ബീവെറിനെ കുറിച്ചുള്ള വിവരങ്ങൾ തേടി കേന്ദ്രത്തെ സമീപിച്ച് കേരളം. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലെറ്റർ റോഗട്ടറി കൈമാറി. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യുറോയിലെ ഡി.വൈ.എസ്.പി കെ പ്രശാന്ത് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലെറ്റർ റോഗട്ടറി കൈമാറിയ വിവരം പറഞ്ഞിരിക്കുന്നത് . ഇതിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം സുപ്രീംകോടതിയെ അറിയിച്ചു. ഐഎച്ച്സി ബീവെറിലെ ഉദ്യോഗസ്ഥരെ ഉൾപ്പടെ ചോദ്യം ചെയ്യാൻ വിജിലൻസ് ആലോചിക്കുന്നുണ്ട്. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഇതുവരെ ഇതുസംബന്ധിച്ച് ഒരു അറിയിപ്പും കേരളത്തിന് ലഭിച്ചിട്ടില്ല.
അതിനാൽ നിലവിൽ ജേക്കബ് തോമസിനെതിരായി നടക്കുന്ന അന്വേഷണം പൂർത്തിയാക്കാൻ മൂന്ന് മാസത്തെ സമയം കൂടി വേണമെന്ന് ആവശ്യപ്പെട്ട് സ്റ്റാന്റിംഗ് കോൺസൽ ഹർഷദ് ഹമീദ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പും അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെടുന്നതിന് ഒരു കാരണമായി കേരളം
പറഞ്ഞിട്ടുണ്ട്. ഡ്രഡ്ജർ അഴിമതി കേസിലെ അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതിൽ അതൃപ്തി സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു. ജേക്കബ് തോമസിനെതിരെ നടക്കുന്ന അന്വേഷണത്തെ സംബന്ധിച്ച് തൽസ്ഥിതി റിപ്പോർട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിക്ക് കൈമാറിയിരുന്നു. മുദ്ര വച്ച കവറിലാണ് അന്വേഷണ തൽസ്ഥിതി റിപ്പോർട്ട് കൈമാറിയിരുന്നത്. മുദ്രവച്ച കവറിൽ കൈമാറിയ ഈ റിപ്പോർട്ട് തുറന്ന് നോക്കിയ ശേഷമാണ് അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നതിനെ സുപ്രീംകോടതി വിമർശിച്ചത്.