തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കാലവര്‍ഷം സജീവമാക്കിയത്. കേരള തീരത്ത് കാറ്റിന്‍റെ വേഗം 55 കി.മി വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ മലപ്പുറം, ഇടുക്കി, പാലക്കാട്, എന്നീ ജില്ലകളില്‍ പലയിടങ്ങളിലും മണ്ണിടിച്ചലും കൃഷി നാശവുമുണ്ടായി. മലയോര മേഖലയില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
നാല് ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വലിയ നാശനഷ്ടങ്ങളാണുണ്ടായത്. കൊങ്കണ്‍ മേഖലയിലും തെക്കേഇന്ത്യന്‍ സംസ്ഥാനങ്ങളിലുമായി 150 ലേറെ മരണം സംഭവിച്ചു. മഹാരാഷ്ട്രയില്‍ മാത്രം 138 പേര്‍ മരിച്ചു. തീവ്രമഴയ്ക്ക് ഇന്ന് രാവിലെ മുതല്‍ കുറവുണ്ട്. വെള്ളക്കെട്ട് കുറഞ്ഞാല്‍ കൊങ്കണ്‍ മേലെയിലൂടെയുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. മുംബൈ ഗോവ , ബെംഗ്ലൂരു പുണെ ദേശീയപാതകളിലൂടെ വാഹനങ്ങള്‍ പ്രവേശിപ്പിച്ച് തുടങ്ങി.