കൊച്ചി: തോക്ക് ഇല്ലാതെ വെടിയുണ്ട മാത്രം കൈവശം വയ്ക്കുന്നത് ആയുധ നിയമപ്രകാരം കുറ്റകരമായി കാണാനാവില്ലെന്ന് ഹൈക്കോടതി. ബാഗില്‍ വെടിയുണ്ട കണ്ടെത്തിയതിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായ മഹാരാഷ്ട്ര സ്വദേശിയുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. തോക്കോ അനുബന്ധ ഉപകരണങ്ങളോ ഇല്ലാതെ വെടിയുണ്ട മാത്രം പിടികൂടുന്നത് കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
ആയുധ നിയമം 25-ാം വകുപ്പു പ്രകാരമുള്ള കേസ് നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. നിയമത്തില്‍ ആയുധം കൈവശം വയ്ക്കുകയെന്നാല്‍ ബോധപൂര്‍വം ആയുധം കൈവയ്ക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയില്‍ ആയുധ ലൈസന്‍സ് ഉള്ള ബിസിനസ്സുകാരനാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. ബാഗ് സ്‌കാന്‍ ചെയ്തപ്പോള്‍ വെടിയുണ്ട കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇതിനെക്കുറിച്ച് തനിക്കറിയില്ലെന്നാണ് ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് ആയുധ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുക്കുകയായിരുന്നു.