കൊട്ടാരക്കര : കേരള ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ പേരിൽ പണം തട്ടിച്ച കേസിലെ മുഖ്യ പ്രതിയും സ്ഥാപനത്തിന്റെ കൊട്ടാരക്കര പുലമൺ ബ്രാഞ്ച് മാനേജരുമായിരുന്ന അടൂർ മുല്ലശ്ശേരിൽ ഉണ്ണികൃഷ്ണൻ നായരെ (56) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.
പുലമൺ ജംഗ്ഷനിലെ ബ്രാഞ്ച് മുഖേന അമിത പലിശ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം പലിശയോ മുതലോ നൽകാതെ സ്ഥാപനം പൂട്ടി കടന്നു കളയുകയായിരുന്നു ഇയാള്‍. പുത്തൂർ സ്വദേശിനി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റുണ്ടായത്. കേരളത്തിലുടനീളം 26 ബ്രാഞ്ചുകൾ പ്രവർത്തിപ്പിച്ച് സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ട്. മിക്ക പോലീസ് സ്റ്റേഷനുകളിലും കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. 67 കേസുകൾ കേരള ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ നിലവില്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തായിരുന്നു ഹെഡ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. സര്‍ക്കാര്‍ സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പേരാണ് സ്ഥാപനത്തിന് നല്‍കിയിരുന്നത്. കോടികളുടെ നിക്ഷേപ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. മിക്കവരും കള്ളപ്പണം നിക്ഷേപിച്ചിരുന്നതും ഇവിടെയാണ്. പണം നഷ്ടമായ സാധാരണക്കാര്‍ മാത്രമാണ് പരാതിയുമായി നീങ്ങിയിട്ടുള്ളത്. അടൂര്‍ പറക്കോട് ഒരു സ്കൂളും ഉണ്ണികൃഷ്ണന് ഉണ്ട്. ടൂറിസ്റ്റ് ബസ്സുകളും ആഡംബര വാഹനങ്ങളും ഉണ്ടായിരുന്നു. തിരുവനന്തപുരത്തും അടൂരും കോടികള്‍ വിലമതിക്കുന്ന വസ്തുക്കളും ഉണ്ടായിരുന്നു. സിനിമ മേഖലയിലും ഇയാള്‍ പണം നഷ്ടപ്പെടുത്തിയിരുന്നു.
കൊട്ടാരക്കര സി.ഐ. പ്രശാന്ത്, എസ്.ഐ. മാരായ രാജൻ, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.