തിരുവനന്തപുരം: കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും കേരളത്തിന്‍റേത് മികച്ച ഭരണമാണെന്നും എഴുത്തുകാരൻ ഡോ.മനു ബാലിഗർ. നിയമസഭയിൽ ഒരു പുസ്‌തകോത്സവമെന്നത് വളരെ നല്ലൊരു ആശയമാണ്. കർണാടകയിലേക്ക് തിരിച്ചുപോയി അവിടുത്തെ സ്‌പീക്കർക്ക് പുസ്തകോത്സവത്തെക്കുറിച്ച് കത്തെഴുതും. നിയമസഭാ പുസ്‌തകോത്സവത്തിന്റെ ഭാഗമായി ‘എന്റെ എഴുത്തിന്റെയും വായനയുടെയും ജീവിതം’ സെഷനിൽ ‘ചെയ്ഞ്ചിങ് റെസ്പോൺസിബിലിറ്റീസ് ഓഫ് റൈറ്റേഴ്‌സ് ഇൻ ഇന്ത്യ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവാദത്തിൽ കബനി.സി ആതിഥേയത്വം വഹിച്ചു. സാഹിത്യം സമൂഹത്തിന്റെ പ്രതിഫലനമാണ്.
അതിനാൽ എഴുത്തുകാരന് സ്വാഭാവികമായും സമൂഹത്തോട് ഉത്തരവാദിത്തമുണ്ട്. വംശീയപരമായിട്ടുള്ള പ്രശ്നങ്ങൾ ബഹുസ്വരതയ്‌ക്കെതിരായ ഭീഷണികൾ, നാനാത്വത്തിലെ ഏകത്വം, കാലാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയവയായിരിക്കണം എഴുത്തുകാർ ഉത്തരവാദിത്തത്തോടെ സമീപിക്കേണ്ട യഥാർത്ഥ പ്രശ്നങ്ങൾ. സാഹിത്യത്തിൽ ഒരുവശത്ത് എഴുത്തുകാരുടെ സ്വാതന്ത്ര്യവും മറുവശത്ത് എഴുത്തുകാർക്ക് മേലുള്ള നിയന്ത്രണവുമുണ്ട്. എന്നാൽ എഴുത്തുകാർ എന്നും ഈ നിയന്ത്രണങ്ങളെ എതിർക്കണം. കന്നടയിൽ നിന്നും മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുന്ന പുസ്തകങ്ങൾ കുറവാണെന്നും അതിൽ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പുനൽകി.