പരപ്പനങ്ങാടി: മണ്ഡരിയിൽ മനം മടുത്ത് തെങ്ങിൻ തോപ്പുകളെ അവഗണിച്ച കേരകർഷകർ നാളികേരത്തിന് ഇങ്ങനെയൊരു നല്ലകാലം വരുമെന്ന് സ്വപ്നത്തിൽ പോലും നിനച്ചിരിക്കില്ല. നാളികേര വില കുതിക്കുകയാണ്. ഇതോടെ വെളിച്ചെണ്ണയുടെ വിലയിൽ കൈ പൊള്ളുകയാണ്. ചില്ലറ വിൽപനയിൽ 88 രൂപയും മൊത്ത വിൽപനയിൽ 81ഉം വിലയീടാക്കുന്ന സംരംഭരണശാലകൾ കിലോക്ക് 76 രൂപ വെച്ച് തേങ്ങ വാങ്ങുന്നുണ്ട്. വ്യാവസായിക ആവശ്യങ്ങൾക്ക് ഇതര എണ്ണക്കുരുകളെ അപേക്ഷിച്ച് കൊപ്രയുടെ ഡിമാൻഡ് വർധിച്ചതും തമഴ്നാട്ടിലെ കേരകർഷകർ ഇളനീർ വിപണിയിൽ ശ്രദ്ധയൂന്നിയതുമാണ് കേരളത്തിന്റെ തേങ്ങക്ക് വൻതോതിൽ ആവശ്യമുയർത്തിയത്.
ഇറക്കുമതിയിലെ ഇടിവും ഉൽപാദന രംഗത്തെ തളർച്ചയും വിലവർധനക്ക് ഇടയാക്കിയതായി പറയുന്നു. ഇരട്ടിയിലധികം വില വർധിച്ചതോടെ വെളിച്ചെണ്ണക്ക് പകരം പാം ഓയിലും സൂര്യകാന്തി ഓയിലും അടുക്കളയിൽ ഇടംപിടിച്ചു. അര ലിറ്റർ വെളിച്ചെണ്ണയുടെ വിലക്ക് രണ്ടു ലിറ്റർ ലഭിക്കുന്നതിനാലാണ് വീട്ടമ്മമാർ പാം ഓയിലിലേക്കും സൂര്യകാന്തി എണ്ണയിലേക്കും വഴിമാറിയത്. തേങ്ങക്ക് പൊന്നും വിലയായതോടെ സ്വന്തം വീട്ടുവളപ്പിലെ തേങ്ങ പൊതിച്ച് വെളിച്ചെണ്ണയാക്കുന്ന ശീലവും മലയാളി മറക്കുകയാണ്. ഉള്ള തേങ്ങ തൂക്കി വിറ്റ് വലിയ വില വാങ്ങാൻ ശീലിച്ചുകഴിഞ്ഞു. രണ്ടും മൂന്നും തെങ്ങുള്ളവർ പോലും ഉള്ള തേങ്ങകളുമായി വിൽപന കേന്ദ്രങ്ങളിലെത്തുകയാണ്.