കൊല്ലം : ലോക്ക് ഡൗൺ കൊല്ലം ജില്ലയിൽ പൂർണം. എല്ലാ പ്രദേശങ്ങളും ലോക്ക് ഡൗണിനോടു പൂർണമായും സഹകരിച്ചു. പോലീസ് സേനയുടെ നേതൃത്വത്തിൽ സിറ്റിയിലും റൂറലിലും കഴിഞ്ഞ ദിവസം രാത്രി മുതൽ പരിശോധന ശക്തമാക്കിയിരുന്നു. പ്രധാന റോഡുകളിൽ ഓരോ 3 കിലോമീറ്ററിലും ബാരിക്കേഡ് സ്ഥാപിച്ചു കർശന വാഹന പരിശോധനയാണു നടക്കുന്നത്. തിരക്കൊഴിഞ്ഞ സ്ഥലങ്ങളും റോഡുകളും സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരിൽ ഭൂരിപക്ഷവും വാഹന പരിശോധന ചുമതലകളിലാണ്.
സ്റ്റേഷൻ ജോലികൾക്കായി ചുരുങ്ങിയ ഉദ്യോഗസ്ഥർ മാത്രമേയുള്ളൂ. പ്രധാന സ്ഥലങ്ങളിൽ തിരിച്ചറിയൽ രേഖ കാട്ടി ജോലിക്കു പോകുന്നവരുടെ പോലും പേരും മൊബൈൽ നമ്പരും വാഹനത്തിന്റെ നമ്പരും അടക്കം പോലീസ് ഉദ്യോഗസ്ഥർ ശേഖരിക്കുന്നുണ്ട്. ഇവ സൂക്ഷിക്കും. സർക്കാർ നിർദേശിച്ച എല്ലാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്നു പോലീസ് അറിയിച്ചു.
അല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തു കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളും കേന്ദ്രങ്ങളും പോലീസ് സ്പെഷൽ ബ്രാഞ്ച് സംഘത്തിന്റെ നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന അടക്കം നടപ്പാക്കാനാണു പോലീസിന്റെ തീരുമാനം.