തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ നടപ്പാക്കാനിരിക്കേ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ച് സര്‍ക്കാര്‍. നിയന്ത്രങ്ങള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറി വി പി ജോയ് കോര്‍ കമ്മിറ്റി യോഗം വിളിച്ചു. ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ കോര്‍ കമ്മിറ്റി യോഗമാണ് വിളിച്ചിരിക്കുന്നത്. എല്ലാ ജില്ലാ കളക്ടര്‍മാരും യോഗത്തില്‍ പങ്കെടുക്കും. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ലെങ്കിലും ബസ്സുകളിലടക്കം ആളുകളെ നിയന്ത്രിക്കാനാണ് തീരുമാനം. കെഎസ്‌ആര്‍ടിസി ബസ്സുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ പാടില്ല. സ്വകാര്യബസ്സുകളിലും ആളുകളെ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല.
അത്യാവശ്യങ്ങള്‍ക്കല്ലാതെ രാത്രി 9 മണിക്ക് ശേഷം പുറത്തിറങ്ങാന്‍ പാടില്ലെന്ന് ഡിജിപി പറഞ്ഞു. ചികിത്സാ ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ക്ക് ഇളവുണ്ടാകും. ആശുപത്രികളില്‍ പോകുന്നവരെ ഒരു കാരണവശാലും തടയില്ല. മരുന്ന് വാങ്ങാനുള്‍പ്പടെ പോകുന്നവര്‍ക്കും ഇളവുണ്ടാകും. നോമ്പിന് ഇളവുണ്ടാകും. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. എന്നാല്‍ അനാവശ്യമായി കൂട്ടം കൂടുകയോ പുറത്തിറങ്ങുകയോ ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകും. നിയന്ത്രണങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ്. ജനങ്ങള്‍ പരമാവധി നൈറ്റ് കര്‍ഫ്യൂവുമായി സഹകരിക്കണം – ഡിജിപി പറഞ്ഞു. സര്‍ക്കാര്‍ വിഭാഗങ്ങളിലും വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വര്‍ക് ഫ്രം ഹോം എങ്ങനെ വേണമെന്ന കാര്യത്തില്‍ ഇന്ന് ഉത്തരവുകള്‍ ഇറങ്ങിയേക്കും. ഇക്കാര്യങ്ങളിലെല്ലാം തീരുമാനങ്ങളെടുക്കാനാണ് ഇന്ന് അടിയന്തരയോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്.
നിയന്ത്രണങ്ങള്‍ ഇങ്ങനെ
സംസ്ഥാനത്ത് രാത്രി 9 മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ നടപ്പാക്കുക. രണ്ടാഴ്ചത്തേക്കാണ് കര്‍ഫ്യു തീരുമാനിച്ചിരിക്കുന്നത്. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പ് , പത്രം, പാല്‍, മാധ്യമ പ്രവര്‍ത്തകര്‍, രാത്രി ഷിഫ്റ്റിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ഇളവ് അനുവദിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഹോട്ടലുകളില്‍ നിന്നും രാത്രി 9 ന് ശേഷം പാര്‍സല്‍ വിതരണം പാടില്ല. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം പരമാവധി കുറക്കണം എന്നീ നിര്‍ദ്ദേശങ്ങളും ഉത്തരവിലുണ്ട്.
പൊതുഗതാഗത്തിനും ചരക്ക് നീക്കത്തിനും നിയന്ത്രണമില്ല. സിനിമ തിയറ്ററുകളുടേയും മാളുകളുടേയും മള്‍ട്ടിപ്ലക്സുകളുടേയും സമയം രാത്രി എഴര മണിവരെയാക്കിക്കുറച്ചു. ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നതിനും പുറത്തിറങ്ങുന്നതിനുമാണ് നിയന്ത്രണം. ചരക്ക് ഗതാഗതത്തെയും പൊതുഗതാഗതത്തെയും ബാധിക്കാതെയാണ് നിയന്ത്രണം. എന്നാല്‍ ടാക്സികളില്‍ നിശ്ചിത ആളുകള്‍ മാത്രമേ കയറാവൂ.
ട്യൂഷന്‍ ക്ലാസുകള്‍ അനുവദിക്കില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ പാടൂള്ളു. മെയ് വരെ പിഎസ്‍സി പരീക്ഷള്‍ പാടില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സാധ്യമായ ഇടങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കണം. ആരാധനാലയങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ആരാധനകള്‍ ബുക്ക് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് കര്‍ഫ്യൂ തീരുമാനിച്ചിരിക്കുന്നതെങ്കിലും സ്ഥിതിഗതികള്‍ ഇടക്ക് വിലയിരുത്തും