തിരുവനന്തപുരം: സ്വര്‍ണവും മാലിന്യവും കൊണ്ട് പുകയും തടിതപ്പാന്‍ വെട്ടിച്ചുരുക്കും നിയമസഭയില്‍ ഇന്ന് അന്തരീക്ഷം പ്രതിപക്ഷം കലുഷിതമാക്കും. നിയമസഭ വീണ്ടും ചേരുമ്പോള്‍ പ്രതിപക്ഷത്തിന് മുന്നിലുള്ളത് ഒരു പിടി ആയുധങ്ങള്‍. കൊച്ചി ബ്രഹ്മപുരത്തെ അടങ്ങാത്ത പുകയും 30 കോടി രൂപ വാഗ്ദാനം ചെയ്ത്, സ്വര്‍ണക്കടത്തു കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പേരില്‍ അനുരഞ്ജനത്തിനു നീക്കം നടന്നുവെന്ന പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലും നിയമസഭയെ പ്രക്ഷുബ്ധമാക്കും. മുഖ്യമന്ത്രിയുടെ മറുപടിയും നിര്‍ണ്ണായകമാകും. കുറച്ചു ദിവസമായി മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. മാലിന്യ പ്രശ്നത്തില്‍ അടക്കം മുഖ്യമന്ത്രിയുടെ നിലപാടിന് വേണ്ടി കാതോര്‍ക്കുകയാണ് കേരളം.
ഈ മാസം 30 വരെയാണ് സമ്മേളനം. പ്രതിപക്ഷ പ്രതിഷേധം ശക്തമായാല്‍ സമ്മേളനം വെട്ടിച്ചുരുക്കിയേക്കാം. എന്നാല്‍, ബജറ്റിലെ ധനാഭ്യര്‍ഥനകളും ധനബില്ലും ഒക്കെ പാസാക്കേണ്ടതിനാല്‍ നിശ്ചിതദിവസം ഇനിയും സമ്മേളിക്കേണ്ടിവരും. അതിനാല്‍ സഭ പെട്ടെന്ന് പിരിയാവുന്ന സാഹചര്യമല്ല. എങ്കിലും നടപടി ക്രമം വേഗത്തിലാക്കി പിരിയാനും ശ്രമിക്കും. സ്വര്‍ണ്ണ കടത്തില്‍ നിയമസഭയില്‍ നടക്കുന്ന ചര്‍ച്ചകള്‍ വലിയ ചര്‍ച്ചയാകും. സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്തതും സര്‍ക്കാരിന് മറുപടി പറയേണ്ട വിഷയമാകും. ഈ സമ്മേളന കാലത്ത് വീണ്ടും രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിക്കുമോ എന്നതും നിര്‍ണ്ണയാകമാണ്.
സഭയില്‍ നിഷ്പക്ഷ നിലപാടുകളാണ് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പലപ്പോഴും സ്വീകരിക്കുന്നത്. ഭരണ പക്ഷത്തെ പോലും വിമര്‍ശിക്കുന്നു. ഈ നിലപാട് സിപിഎമ്മിനെ പോലും ഞെട്ടിച്ചിട്ടുണ്ട്. സ്വര്‍ണ്ണ കടത്തിലെ ആരോപണം സഭയിലെത്തിയാല്‍ സ്പീക്കര്‍ എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാണ്. സ്വപ്നയുടെ ആരോപണങ്ങള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി ഉണ്ടാകുമോ എന്ന ആകാംക്ഷയും നിലനില്‍ക്കുന്നു. സ്വപ്നയ്ക്കെതിരെ മുഖ്യമന്ത്രി മാനനഷ്ടക്കേസ് കൊടുക്കില്ല എന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയും സഭയില്‍ ചര്‍ച്ചയാകും. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ ജനപങ്കാളിത്തം കുറയുന്നതും അദ്ദേഹം നടത്തിയ വിവാദ പരാമര്‍ശങ്ങളും പ്രതിപക്ഷം ആയുധമാക്കും.
ബ്രഹ്മപുരത്തു തീ അണയ്ക്കുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടില്ല എന്നാണു സര്‍ക്കാരും മന്ത്രിമാരും ആവര്‍ത്തിക്കുന്നത്. മാലിന്യ സംസ്‌കരണത്തിനു സര്‍ക്കാരിനു മുന്നില്‍ വഴികളില്ലെന്നും തീര്‍ത്തും പരാജയമാണെന്നുമാണു പ്രതിപക്ഷം പറയുന്നത്. ഇത് തന്നെയാകും പ്രധാന ആയുധമായി പ്രതിപക്ഷം ഉയര്‍ത്തുക. ആറ്റുകാല്‍ പൊങ്കാല, ചെന്നൈയില്‍ നടന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം എന്നിവ പ്രമാണിച്ചാണു സഭാ സമ്മേളനം കഴിഞ്ഞ ചൊവ്വ മുതല്‍ നിര്‍ത്തിവച്ചത്. ഈ ദിവസങ്ങളില്‍ നടക്കേണ്ടിയിരുന്ന ധനാഭ്യര്‍ഥനകളിലെ ചര്‍ച്ചകള്‍ 21,21 തീയതികളിലേക്കു മാറ്റിയിരുന്നു. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തത്തിലും സ്വപ്നാ സുരേഷിന്റെ പുതിയ ആരോപണങ്ങളിലും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് പ്രതിപക്ഷത്തിന്റെ തയ്യാറെടുപ്പ്. സ്വപ്നാ സുരേഷ് വിഷയം അടിയന്തര പ്രമേയമായി അവതരിപ്പിക്കാന്‍ അനുവദിക്കുമോ എന്നതും നിര്‍ണ്ണായകമാണ്. എന്നാല്‍ അദ്യ ദിനം ഇതുയര്‍ത്തില്ല. പകരം ബ്രഹ്മപുരം ചര്‍ച്ചയാക്കും.