തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം മാറ്റിവെയ്‌ക്കാന്‍ സാധ്യത. തിങ്കളാഴ്‌ച നിയമസഭാ സമ്മേളനം ചേരാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യമായതിനാല്‍ തല്‍ക്കാലത്തേക്ക് സമ്മേളനം ചേരേണ്ടതില്ലെന്നാണ് തീരുമാനം.
ധനബില്‍ പാസാക്കുന്നതിനു വേണ്ടിയാണ് അടിയന്തരമായി നിയമസഭ ചേരാന്‍ കഴിഞ്ഞയാഴ്‌ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചത്. ധനബില്ല് പാസാക്കുന്നതിന് മറ്റു നിയമവശങ്ങള്‍ പരിശോധിക്കും. എന്നാല്‍ നിയമസഭാ സമ്മേളനം ഒരു ദിവസത്തേക്ക് മാത്രം ചേരരുതെന്ന നിലപാടായിരുന്നു പ്രതിപക്ഷത്തിന്. സ്വര്‍ണക്കടത്ത് കേസ് അടക്കം സര്‍ക്കാരിനെതിരെ ആയുധമാക്കി നിയമസഭയിലും ആഞ്ഞടിക്കാനാണ് പ്രതിപക്ഷം ലക്ഷ്യമിട്ടിരുന്നത്. നിയമസഭാ സമ്മേളനം കൂടുതല്‍ ദിവസം ചേരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരത്ത് രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതാണ് നിയമസഭാ സമ്മേളനം ചേരേണ്ടതില്ലെന്ന ഇപ്പോഴത്തെ നിലപാടിലേക്ക് നയിച്ചത്. ഇന്നലെ മാത്രം 151 പേര്‍ക്കാണ് തലസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.