തിരുവനന്തപുരം: ഇന്ധനക്ഷാമത്തില്‍ തലസ്ഥാനത്ത് പോലീസ് പ്രവര്‍ത്തനം താളം തെറ്റി. ടാക്‌സി വിളിച്ചാണ് പല സ്റ്റേഷനുകളുടേയും പ്രവര്‍ത്തനം. സ്വകാര്യ പമ്പുകളില്‍ നിന്നും ഇന്ധനം നിറയ്ക്കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. ഓരോ സ്റ്റേഷനിലും മൂന്നും നാലും ജീപ്പുകളുണ്ട്. സ്വന്തം കൈയില്‍ നിന്നും എസ്എച്ച്ഒമാരും എസ്‌ഐമാരും പണമിട്ട് പെട്രോളടിച്ചാണ് വാഹനം ഓടിച്ചിരുന്നത്. എന്നാല്‍ തല്‍ക്കാലിക ആശ്വാസത്തിന് ഇന്ന് 1000 രൂപ വെച്ച് ഓരോ പോലീസ് വാഹനങ്ങള്‍ക്ക് ഇന്ന് നല്‍കിയെങ്കിലും പ്രതിസന്ധി തുടരുകയാണ്.
എസ്എപിയിലെ പോലീസ് പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നല്‍കുന്നത് ഐപിഎസുകാരുടെ വാഹനങ്ങള്‍ക്ക് മാത്രമാണ്. മന്ത്രിമാര്‍ക്ക് പൈലറ്റ് പോകേണ്ട വാഹനത്തിന് പോലും കയ്യില്‍ നിന്നും പണം കൊടുത്ത് വരെ ഇന്ധനമടിക്കുകയാണ് പോലീസുകാര്‍. ചില പമ്പുടമകള്‍ ആദ്യം കടം കൊടുത്തിരുന്നു. എന്നാല്‍ അവരും ആ സേവനം നിര്‍ത്തി. എസ്എപി ക്യാമ്പിലെ പോലീസ് പെട്രോള്‍ പമ്പില്‍ നിന്നാണ് തലസ്ഥാനത്തെ മുഴുവന്‍ പോലീസ് വാഹനങ്ങള്‍ക്കും ഇന്ധനമടിച്ചിരുന്നത്. ഒന്നരക്കോടി കുടിശ്ശിക വന്നതോടെ ഇന്ധന കമ്പനി ഈ പമ്പിലേക്കുള്ള വിതരണം നിര്‍ത്തുകയായിരുന്നു.