തിരുവനന്തപുരം: പ്രതികളെ ആശുപത്രികളില്‍ വൈദ്യ പരിശോധനയ്ക്ക് എത്തിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച ആഭ്യന്തര വകുപ്പ് മാര്‍ഗരേഖ മന്ത്രിസഭായോഗം അംഗീകരിച്ചു. അക്രമാസക്തരായ വ്യക്തികളെ കൈവിലങ്ങ് ഏര്‍പ്പെടുത്തി സുരക്ഷ ഉറപ്പാക്കിയ ശേഷമായിരിക്കണം ആരോഗ്യപ്രവര്‍ത്തകന്റെ മുമ്പില്‍ എത്തിക്കേണ്ടതെന്ന് പുതിയ പ്രോട്ടോകോളില്‍ പറയുന്നു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്ന വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥര്‍ അനുഗമിക്കേണ്ടതാണ്. പരിശോധിക്കുന്ന ആരോഗ്യപ്രവര്‍ത്തകന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും ഈ ഉദ്യോഗസ്ഥര്‍ക്കായിരിക്കുമെന്ന് പ്രോട്ടോകോള്‍ വ്യക്തമാക്കുന്നു.
പ്രധാനമാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ: ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ (കുറ്റവാളിയെ/ഇരയെ/ സംരക്ഷണയിലുള്ളവരെ) നിരീക്ഷിച്ചും വിവരങ്ങള്‍ ശേഖരിച്ചും അവരുടെ ശാരീരിക/മാനസിക/ലഹരി ദുരുപയോഗ അവസ്ഥ പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തേണ്ടതാണ്. മേല്‍പ്പറഞ്ഞ അവസ്ഥ സംബന്ധിച്ച് സംശയം തോന്നുന്ന സാഹചര്യത്തില്‍ പ്രസ്തുത വിവരം സ്വകാര്യ നോട്ട് ബുക്കിലും പോലീസ് സ്റ്റേഷനില്‍ കൊണ്ടുവരുമ്പോള്‍ ജനറല്‍ ഡയറിയിലും രേഖപ്പെടുത്തേണ്ടതാണ്. നേരിട്ട് ആശുപത്രിയില്‍ കൊണ്ടുപോകുന്ന സാഹചര്യത്തില്‍ ഫോണ്‍ മുഖാന്തിരമോ സന്ദേശം മുഖേനയോ സ്റ്റേഷനില്‍ അറിയിക്കേണ്ടതാണ്. ആശുപത്രി ജീവനക്കാരെ മെഡിക്കല്‍ പരിശോധനയ്ക്ക് മുമ്പായി ഇക്കാര്യം അറിയിക്കേണ്ടതാണ്. വൈദ്യപരിശോധനയ്ക്ക് കൊണ്ടുവരാന്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിക്കണം. മദ്യം/മയക്കുമരുന്ന്, തുടങ്ങിയ ഏതെങ്കിലും സൈക്കോട്രോപിക് മരുന്നുകളുടെ സ്വാധീനത്തില്‍ ആക്രമണ സ്വഭാവമുള്ള/അക്രമാസക്തരായ വ്യക്തികളെ ശാരീരിക നിയന്ത്രണം/കൈവിലങ്ങ് ഏര്‍പ്പെടുത്തി സുരക്ഷ ഉറപ്പാക്കിയാവണം ആരോഗ്യപ്രവര്‍ത്തകന്റെ മുമ്പില്‍ പരിശോധനയ്ക്ക്/ ചികിത്സയ്ക്ക് ഹാജരാക്കേണ്ടത്. ശാന്തനാകുന്ന/ഒഴിവാക്കേണ്ട സാഹചര്യത്തില്‍ അത് നീക്കം ചെയ്യാവുന്നതാണ്. പ്രാഥമിക അപകട സാധ്യത ഉചിതമായ രീതിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തേണ്ടതാണ്.
മതിയായ പോലീസ് ഉദ്യോഗസ്ഥര്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്ന വ്യക്തിയെ അനുഗമിക്കേണ്ടതാണ്. പരിശോധിക്കുന്ന ആരോഗ്യപ്രവര്‍ത്തകന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും ഈ ഉദ്യോഗസ്ഥര്‍ക്കായിരിക്കും. ഒരാളെ കസ്റ്റഡിയില്‍ എടുത്ത ഉടന്‍ തന്നെ അവരുടെ അന്തസിനെ മാനിച്ചുകൊണ്ട് ആയുധം/ഉപകരണങ്ങള്‍/ആയുധമായി ഉപയോഗിക്കാന്‍ സാധ്യതയുള്ളവ മയക്കുമരുന്ന്/വിഷപദാര്‍ത്ഥം കൈവശമില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. ജുഡീഷ്യല്‍ ഓഫീസര്‍/ ഡോക്ടര്‍മാരുടെ മുമ്പാകെ ഹാജരാക്കുമ്പോഴും ആയുധം കൈവശമില്ല എന്ന് ഉറപ്പാക്കേണ്ടതാണ്.