താമരശ്ശേരി: ക്രമസമാധാനപാലനത്തിനും സുരക്ഷ ഉറപ്പുവരുത്താനും വിഐപി എസ്‌കോർട്ടുകൾക്കുമെല്ലാമായി പുതിയ വാഹനങ്ങൾ വാങ്ങാനൊരുങ്ങി കേരള പോലീസ്. 75.50 കോടി രൂപ വകയിരുത്തി പലതരത്തിലുള്ള പുതിയ വാഹനങ്ങൾ നിരത്തിലിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയ തുക ഉപയോഗിച്ച് 373 വാഹനങ്ങൾ വാങ്ങുന്നതിനായി 42.39 കോടി രൂപയുടെ പദ്ധതിനിർദേശം പോലീസ് വകുപ്പ് സർക്കാരിലേക്ക് അയച്ചു. പഴയവാഹനങ്ങളുടെ സ്‌ക്രാപ്പ് ചെയ്യലിനുള്ള ഇൻസെന്റീവ് ഇനത്തിൽ 33,11,24,475 രൂപ വിനിയോഗിച്ചും വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി അറുനൂറോളം പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതോടെ സേനയുടെ ആകെ വാഹനങ്ങളിൽ പത്തുശതമാനത്തോളം പുതിയവയാകും.
സംസ്ഥാനത്ത് നിലവിൽ പോലീസ് വകുപ്പിൽ എല്ലാ വിഭാഗങ്ങളിലുമായി കണ്ടംനേഷൻ, സ്‌ക്രാപ്പിങ് നടപടികൾ നടന്നുവരുന്നത് ഉൾപ്പെടെ 5948 വാഹനങ്ങളാണ് ആകെയുള്ളത്. ജീപ്പ്, കാർ ഉൾപ്പെടെയുള്ള എൽഎംവികളാണ് അതിൽ ഭൂരിഭാഗം. 3402 എൽഎംവികളാണ് എല്ലാ പോലീസ് ജില്ലകളിലുമായുള്ളത്. ഇതിനുപുറമേ വിവിഐപി സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന പത്ത് ബുള്ളറ്റ് പ്രൂഫ് കാറുകളുമുണ്ട്. ഇരുചക്രവാഹനങ്ങളാണ് തൊട്ടുപിന്നിൽ. ട്രാഫിക് പട്രോളിങ്ങിന് ഉൾപ്പെടെ 1886 ബൈക്കുകളാണ് പോലീസ് വകുപ്പിന് ആകെയുള്ളത്. മൂന്നാംസ്ഥാനം ബസിന് അവകാശപ്പെട്ടതാണ്. 241 ബസുകളാണ് ആകെയുള്ളത്.
142 എംഎംവി(മീഡിയം മോട്ടോർ വെഹിക്കിൾ), 36 ആംബുലൻസ്, 28 ക്രെയ്ൻ/റിക്കവറി വാനുകൾ, 14 ജലപീരങ്കികൾ, 24 വാട്ടർടാങ്കറുകൾ, 49 ലോറികൾ, 13 വജ്ര, മിനി വജ്ര വാഹനങ്ങൾ, 40 മറ്റ് പ്രത്യേകോദ്ദേശ്യ (എസ്പിവി) വാഹനങ്ങൾ എന്നിവ കേരള പോലീസിന്റെ കൈവശമുണ്ട്. ഇതിനെല്ലാംപുറമേ 63 ബോട്ടുകളുമുണ്ട്. വാഹനങ്ങൾ കൂടുമ്പോൾ അവയോടിക്കാൻ വേണ്ടത്ര ഡ്രൈവർമാരില്ലാത്ത പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. പല സ്റ്റേഷനുകളിലും ഔട്ട്പോസ്റ്റുകളിലും വേണ്ടത്ര ഡ്രൈവർമാരില്ല. നിലവിൽ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ തസ്തികയിൽ 3136 ഒഴിവുകളാണ് അനുവദിച്ചിരിക്കുന്നത്. അതിൽ 2971 തസ്തികകളിലാണ് ആളുള്ളത്. 69 ഒഴിവുകളാണ് ഇതിനകം കേരള പബ്ലിക് സർവീസ് കമ്മിഷന് റിപ്പോർട്ടുചെയ്തത്.