പത്തനംതിട്ട : കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ പത്തനംതിട്ട ജില്ലാ തല ഗാന്ധി സ്മൃതി പരിപാടിയുടെ ഭാഗമായി ജനുവരി 30 ന് വ്യാഴാഴ്ച രാവിലെ 10 ന് ഇലന്തൂർ പഞ്ചായത്ത് അങ്കണത്തിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് ഗാന്ധി സ്മൃതി മണ്ഡപത്തിൽ പ്രാർത്ഥനയും ഗീതാ പ്രഭാഷകവും നടത്തും. ശേഷം ഇലന്തൂർ കമ്മ്യൂണിറ്റി ഹാളിൽ ഗാന്ധി വിജ്ഞാന സദസ് നടക്കും. ഉദ്ഘാടനം എഴുത്തുകാരനും ഐക്യരാഷ്ട്രസഭയുടെ പബ്ലിക് പോളിസി വിദഗ്ദ്ധനും പ്രമുഖ സാമൂഹ്യ മനുഷ്യാവകാശ പ്രവർത്തകനുമായ ജെ.എസ്.അടൂർ നിർവ്വഹിക്കും. ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിക്കും. കെ.പി.ജി.ഡി. സംസ്ഥാന സെക്രട്ടറി പനങ്ങോട്ടുകോണം വിജയൻ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് നടത്തുന്ന ഗ്രാമ ദർശൻ പരിപാടി ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയശ്രീ മനോജ് ഫ്ലാഗ് ഓഫ് ചെയ്യും.
ഗ്രാമ ദർശൻ പരിപാടിയുടെ ഭാഗമായി സ്വാതന്ത്ര്യ സമരസേനാനി കുമാർജിയുടെ സ്മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തി ബഹുമാന്യനായ കുമാർജിയുടെ സ്വാതന്ത്യ സമര പ്രവർത്തനങ്ങളുടെ അനുസ്മരണം നടത്തും. തുടർന്ന് ഖാദിപ്രസ്ഥാനത്തിന്റെ പ്രമുഖ പ്രചാരകൻ ഖദർദാസ് ഗോപാലപിള്ളയുടെ പ്രതിമയിലും പുഷ്പാർച്ചന നടത്തി ഖദർദാസ് ഗോപാലപിള്ളയുടെ ഖാദി പ്രവർത്തനങ്ങൾ അനുസ്മരിക്കും. തുടർന്ന് തൊട്ടടുത്തുള്ള പഞ്ചായത്ത് കുളത്തിലെ മത്സ്യങ്ങൾക്ക് ഭക്ഷണം നൽകും. കുളക്കരയിലെ വിശ്രമകേന്ദ്രത്തിൽ വെച്ച് ജൈവ വൈവിദ്ധ്യ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തും. ജില്ലാ ഖാദി വ്യവസായ കേന്ദ്രം സന്ദർശിച്ച് നൂൽ നൂൽല്പും തുണി നെയ്ത്തും സോപ്പ് നിർമ്മാണവും തേൻ സംസ്കരണവും എണ്ണ നിർമ്മാണവും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്നവർ കാണുകയും പഠന റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യും. തുടർന്ന് പ്രത്യേകം തയ്യാറാക്കിയ വ്യത്യസ്തമായ നാടൻ പ്രകൃതി ഭക്ഷണം കഴിച്ച് പരിപാടി അവസാനിപ്പിക്കും.