പത്തനംതിട്ട : കേരള പ്രദേശ് മഹിളാ ‘സാഹസ്’ പത്തനംതിട്ട ജില്ലാ ദ്വിദിന ക്യാമ്പ് കോഴഞ്ചേരി മാരാമൺ മാർത്തോമ്മാ റിട്രിറ്റ് സെന്ററിൽ ജില്ലാ പ്രസിഡണ്ട് രജനി പ്രദീപ് പതാക ഉയർത്തി തുടക്കം കുറിച്ചു. ദ്വിദിന ക്യാമ്പിൻറ് ഉദ്ഘാടനം ആന്റോ ആന്റണി എം പി നിർവഹിച്ചു . മാതൃ സംഘടനയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഏറ്റവും കൂടുതൽ ശക്തിപ്പെടുത്തുന്ന പോഷക സംഘടനയാണ് മഹിളാ കോൺഗ്രസ് എന്നും മതനിരപേക്ഷതക്കെതിരെ പോരാടുന്ന മുന്നണി പോരാളികളാണ് മഹിളകൾ എന്നും ജില്ലയിലെ കോൺഗ്രസിന്റെ ഉയർത്തെഴുന്നേൽപ്പിന് അടിത്തറപാകുന്നത് മഹിളകൾ ആണെന്നും അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. മുഖ്യപ്രഭാഷണം നടത്തിയ അടൂർ പ്രകാശ് എം പി തൊഴിലുറപ്പ് നിയമം കോൺഗ്രസ് കൊണ്ടുവന്നത് സമൂഹത്തിലെ അനേകം സ്ത്രീകൾക്ക് ഉപജീവനമാർഗം ആണെങ്കിലും ഇന്നീ പദ്ധതിയെ ഇടതുപക്ഷം രാഷ്ട്രീയവൽക്കരിക്കുക ആണ്. തൊഴിൽ നിഷേധിക്കപ്പെട്ടാൽ പരാതിപ്പെടാനുള്ള ഭരണഘടനപരമായ അവകാശങ്ങളെ പറ്റി സ്ത്രീകൾ അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡി സി സി പ്രസിഡണ്ട് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ ക്യാമ്പ് സന്ദേശം നൽകി. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മഹിളാ കോൺഗ്രസിന്റെ വാർഡ് കമ്മിറ്റികൾ 90 ശതമാനം പൂർത്തീകരിക്കാൻ കഴിഞ്ഞത് ഒരു വലിയ മുന്നേറ്റം ആണെന്നും അദ്ദേഹം വിലയിരുത്തി. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, മാലേയത്ത് സരളാദേവി, ജോർജ് മാമ്മൻ കൊണ്ടൂർ, എ ഷംസുദ്ദീൻ, അഡ്വ. എ സുരേഷ് കുമാർ, എലിസബത്ത് അബു, ലാലി ജോൺ, സുധാ നായർ, മഞ്ജു വിശ്വനാഥ്, ആശാ തങ്കപ്പൻ, കെ കെ റോയിസൺ, ജെറി മാത്യു സാം, ദീനാമ്മ റോയ്, അബ്ദുൽ കലാം ആസാദ്, വിജയ് ഇന്ദുചൂഡൻ, കുഞ്ഞുകുഞ്ഞമ്മ ജോസഫ്, രഞ്ജിനി സുനിൽ, മേഴ്സിശമുവേൽ, ലീലാ രാജൻ, വസന്ത ശ്രീകുമാർ,പ്രസീതാ രഘു സജിത. എസ്, സുജാത മോഹൻ, ജിജി ജോൺ മാത്യു, സിന്ധു സുഭാഷ്, ബീന സോമൻ, ക്യാമ്പ് ഡയറക്ടർ അന്നമ്മ ഫിലിപ്പ് എന്നിവർ സംസാരിച്ചു. ലിംഗ സമത്വം എന്ന വിഷയത്തെ ആസ്പദമാക്കി ജെ എസ് അടൂർ ക്ലാസ് നയിച്ചു. ഉച്ചകഴിഞ്ഞുള്ള സെക്ഷനിൽ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും കോൺഗ്രസും എന്ന വിഷയത്തിൽ കാർത്തിക് ശശി ക്ലാസ് നയിച്ചു.