പത്തനംതിട്ട : എ.കെ.ജി പഠന ഗവേഷണ കേന്ദ്രവും വി.എസ്.ചന്ദ്രശേഖരപിള്ള പഠനകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന അഞ്ചാമത് അന്തർദേശീയ കേരള പഠന കോൺഗ്രസിന്റെ മുന്നോടിയായി കേരള പ്രവാസ സംഗമം (മൈഗ്രേഷൻ കോൺക്ലേവ്) ജനുവരി 18, 19, 20 തീയതികളിൽ തിരുവല്ലയിൽ നടക്കും. 18ന് പത്തനംതിട്ട പ്രവാസികളുടെ ആഗോള സംഗമം മൂന്നു വേദികളിലായി നടക്കും. വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ഗൾഫ്, ആഫ്രിക്ക ഭൂഖണ്ഡങ്ങളിലെ പത്തനംതിട്ടയിൽ നിന്നുള്ള പ്രവാസികൾ ഓൺലൈനായി സംവദിക്കും. നൂറോളം പേർ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിക്കും. 200പേർ ചർച്ചയിൽ പങ്കെടുക്കും.
ഒരു ലക്ഷത്തിലധികം പ്രവാസികളെങ്കിലും ഓൺലൈനായും നേരിട്ടും സംവാദത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. പത്തനംതിട്ടയുടെ വികസനത്തിൽ പ്രവാസികളുടെ പങ്ക്, പ്രവാസി കുടുംബങ്ങളുടെ സംരക്ഷണം, പ്രവാസി ക്ഷേമം സർക്കാരുകളുടെ പങ്ക് എന്നിവയുമായി ബന്ധപ്പെട്ടാണ് സംവാദങ്ങൾ. 19, 20 തീയതികളിൽ വിവിധ മേഖലകളുമായി ബന്ധപ്പെട്ട 60 സമ്മേളനങ്ങൾ നടക്കും. സെമിനാറുകൾ സി.ഡി.എസ് മുൻ പ്രൊഫസർ ഡോ. ഇരുദയരാജൻ, ഡോ.കെ.എൻ.ഹരിലാൽ എന്നിവർ നയിക്കും. കേരളത്തിലെ കുടിയേറ്റ പഠനങ്ങളുമായി ബന്ധപ്പെട്ട പ്രഗത്ഭർ അംഗങ്ങളായ സമിതിയാണ് സെമിനാർ നിയന്ത്രിക്കുക. പങ്കെടുക്കുന്നവർക്ക് 1000 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. വിദ്യാർത്ഥികൾക്ക് 250 രൂപയ്ക്ക് രജിസ്‌ട്രേഷൻ നടത്താം. ഓൺലൈനായി പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.