മലപ്പുറം: കേരളം ആദ്യമായി വേദിയാകുന്ന ഹീറോ സൂപ്പർ കപ്പ് മത്സരങ്ങൾക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയം ഒരുങ്ങി. നാളെയാണ് മഞ്ചേരിയിലെ ആദ്യ മത്സരം. ഐലീഗിലെയും ഐഎസ്എല്ലിലെയും ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയവും വേദിയാകും. സന്തോഷ് ട്രോഫി ആരവങ്ങൾക്ക് പിന്നാലെയാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലേക്ക് ഫുട്‌ബോൾ ആവേശവുമായി സൂപ്പർ കപ്പുമെത്തുന്നത്. നാളെ മുതൽ ഐലീഗ് ടീമുകളുടെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കും.
150 രൂപയാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്ക്. ഓൺലൈൻ വിൽപനക്കൊപ്പം ടിക്കറ്റുകൾ സ്റ്റേഡിയത്തിലും ലഭിക്കും. നാളെ കഴിഞ്ഞാൽ 5, 6 തീയതികളിലാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ യോഗ്യത മത്സരങ്ങൾ നടക്കുക. സൂപ്പർകപ്പ് മത്സരങ്ങൾക്ക് എട്ടാം തീയതി കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ തുടക്കമാകും. ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സി യോഗ്യതാ മത്സരത്തിലെ വിജയികളുമായി ഏറ്റുമുട്ടും. രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പഞ്ചാബ് എഫ്സിയാണ് എതിരാളികൾ. ഈ മാസം ഒമ്പതിനാണ് പയ്യനാട് സ്റ്റേഡിയത്തിലെ ആദ്യ സൂപ്പർ കപ്പ് പോരാട്ടം.