തിരുവനന്തപുരം : പി.എസ്.സി. വഴിയുള്ള നിയമനങ്ങളില്‍ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള വിജ്ഞാപനം തയ്യാറായി. 2020 ഒക്ടോബര്‍ 23-ാണ് വിജ്ഞാപനത്തീയതിയായി കരടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അന്നുമുതല്‍ വിജ്ഞാപനം പ്രാബല്യത്തില്‍വരും. പി.എസ്.സി. നിയമനങ്ങളില്‍ എന്നുമുതല്‍ ഇതു നടപ്പാകുമെന്ന് വിജ്ഞാപനത്തില്‍ പ്രത്യേകം പറയുന്നില്ല. നിലവില്‍ പി.എസ്.സി.യുടെ റാങ്ക് പട്ടികകളിലൊന്നും സാമ്പത്തിക സംവരണം അനുസരിച്ചുള്ള വിഭാഗത്തെ വേര്‍തിരിച്ചിട്ടില്ല. പുതുതായി വിജ്ഞാപനങ്ങള്‍ പി.എസ്.സി. തയ്യാറാക്കുമ്പോഴേ സാമ്പത്തിക സംവരണംകൂടി ഉള്‍പ്പെടുത്താനാകൂ.
സാമ്പത്തിക സംവരണത്തിന് അര്‍ഹതയുള്ളവരില്ലാത്ത സാഹചര്യത്തില്‍ ആ ഒഴിവ് പൊതുവിഭാഗത്തിനായി മാറ്റുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. കുടിശ്ശിക നിയമനത്തിനായി മാറ്റിവെക്കില്ല. നിലവില്‍ പിന്നാക്കസമുദായ സംവരണങ്ങള്‍ക്ക് അര്‍ഹതയുള്ളവരില്ലാതെവന്നാല്‍ അത് മാറ്റിവെച്ച് ആ വിഭാഗത്തിനു മാത്രമായി പ്രത്യേകം വിജ്ഞാപനം ക്ഷണിക്കും. ആ രീതി സാമ്പത്തിക സംവരണത്തിനുണ്ടാകില്ല. മറ്റുവിധ സംവരണങ്ങള്‍ക്കൊന്നും അര്‍ഹതയില്ലാത്ത സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ് പത്തുശതമാനം ഒഴിവുകള്‍ മാറ്റിവെക്കുക. ഇതിന് കെ. എസ്.ആര്‍. ചട്ടം ഭേദഗതി ചെയ്യുന്ന വിജ്ഞാപനമാണ് തയ്യാറായത്.