പത്തനംതിട്ട : രജിസ്ട്രേഷന്‍ വകുപ്പിന്റെ കെടുകാര്യസ്ഥതയില്‍ പൊറുതിമുട്ടി ജനം. കഴിഞ്ഞമാസം 28 മുതല്‍ സെര്‍വര്‍ തകരാറിലാണ്. ജൂലൈ ഒന്നുമുതല്‍ കൂടുതല്‍ രൂക്ഷമായതോടെ ജനവും വട്ടം കറങ്ങിത്തുടങ്ങി. ഇതിനിടയില്‍ തകരാര്‍ പരിഹരിച്ചുവെന്ന് രജിസ്ട്രേഷന്‍ വകുപ്പിന്റെ മേലാളന്മാരുടെ പ്രസ്താവനകള്‍ തുടരെ ഇറക്കി ജനങ്ങളെ വീണ്ടും ഇളിഭ്യരാക്കി. തിരുവനന്തപുരത്തെ ഓഫീസില്‍ വിളിച്ചാല്‍ പോലും ആരും ഫോണ്‍ എടുക്കില്ല.
രജിസ്ട്രേഷന്‍ വകുപ്പിന്റെ സേവനങ്ങള്‍ ഓണ്‍ ലൈന്‍ ആയതിനാല്‍ എന്തിനും ഏതിനും ഇത് മാത്രമാണ് ആശ്രയം. മക്കളുടെ വിവാഹത്തിനും പഠന ആവശ്യങ്ങള്‍ക്കും വായ്പ എടുക്കാന്‍ കാത്തിരിക്കുന്നവര്‍ നിരവധിയാണ്. ഇവരുടെ ഭാവിപോലും പന്താടിക്കൊണ്ടാണ് രജിസ്ട്രേഷന്‍ വകുപ്പിന്റെ തിരുവാതിരകളി. പല സേവനങ്ങള്‍ക്കും അപേക്ഷ നല്‍കുവാന്‍ കഴിയുന്നില്ല, അഥവാ അതിനു സാധിച്ചാല്‍ ടോക്കണ്‍ ലഭിക്കില്ല. പകര്‍പ്പുകള്‍ എടുക്കുവാനോ വായ്പാ ആവശ്യങ്ങള്‍ക്കുള്ള ബാധ്യതാ സര്‍ട്ടിഫിക്കറ്റ് എടുക്കുന്നതിനോ കഴിയുന്നില്ല. പുതിയ ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനും തടസ്സങ്ങളാണ്.
എന്നാല്‍ ഇത് തങ്ങളുടെ കുഴപ്പം അല്ലെന്നും ചില സെക്യൂരിറ്റി വിഷയങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് സെര്‍വര്‍ അപ്ഗ്രേഡ് ചെയ്യുകയായിരുന്നെന്നും രജിസ്ട്രേഷന്‍ വകുപ്പ് അധികൃതര്‍ പ്രതികരിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ഈ പ്രശ്നം ബാധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഇതിനുവേണ്ട ടെക്നിക്കല്‍ സപ്പോര്‍ട്ട് നല്‍കുന്നത് നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍ (NIC) ആണ്. പുതിയ സെര്‍വറിലേക്ക് മൈഗ്രേറ്റ് ചെയ്തപ്പോള്‍ ഉണ്ടായ ചില പ്രശ്നങ്ങള്‍ ആണെന്നും ഇത് പരിഹരിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ആധാരം രജിസ്ട്രേഷന് തടസ്സമുണ്ടാകുന്നില്ലെന്നും മറ്റു ചില സേവനങ്ങള്‍ക്കാണ് തടസ്സമുണ്ടായിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ഒരേ സമയം കൂടുതല്‍ ആളുകള്‍ സെര്‍വര്‍ ഉപയോഗിക്കുമ്പോഴാണ് തടസ്സമുണ്ടാകുന്നത്. ആധാരം രജിസ്ട്രേഷന് തടസ്സം നേരിടാതിരിക്കുവാന്‍ മറ്റു ചില സേവനങ്ങള്‍ പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ടാണ് അപേക്ഷകള്‍ നല്‍കുന്നതിനും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനും തടസ്സം നേരിടുന്നതെന്നും അവര്‍ പറഞ്ഞു. സെര്‍വര്‍ തകരാര്‍ രണ്ടു ദിവസത്തിനുള്ളില്‍ പരിഹരിക്കപ്പെടുമെന്നും രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.