തിരുവനന്തപുരം : കൃത്രിമ മാനദണ്ഡങ്ങളിലൂടെ കരാര്‍ ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കാന്‍ പാടില്ലെന്ന സുപ്രീംകോടതി നിര്‍ദേശവും അട്ടിമറിച്ചാണ് സംസ്ഥാന സാക്ഷരതാ മിഷനിലെ ശമ്പള ധൂര്‍ത്ത്. അനര്‍ഹമായ വേതന വര്‍ധനയെ പറ്റി ധനകാര്യ വകുപ്പ് വിജിലന്‍സ് 2018 ല്‍ തുടങ്ങിയ അന്വേഷണവും അട്ടിമറിച്ചു. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ ശുപാര്‍ശ അനുസരിച്ചാണ് കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൂട്ടിയതെന്നാണ് സാക്ഷരതാ മിഷന്‍റെ വിശദീകരണം.
കരാര്‍ ജീവനക്കാര്‍ക്ക് അതേ തൊഴില്‍ സ്വഭാവമുളള സ്ഥിരം തസ്തികയിലെ മിനിമം വേതനം അനുവദിക്കണമെന്ന ഉത്തരവില്‍ തന്നെയാണ് ഇതിനായി കൃത്രിമ മാനദണ്ഡങ്ങള്‍ സ്വീകരിക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചത്. ഈ നിര്‍ദേശമാണ് സാക്ഷരതാ മിഷനിലെ ജില്ലാ കോര്‍ഡിനേറ്റര്‍മാരുടെയും അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍മാരുടെയും ശമ്പളത്തില്‍ വന്‍ വര്‍ധന വരുത്തിയപ്പോള്‍ ലംഘിക്കപ്പെട്ടത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ 2016 സെപ്റ്റംബറിലാണ് ജില്ലാ കോര്‍ഡിനേറ്റര്‍മാരുടെയും അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍മാരുടെയും ശമ്പളത്തില്‍ യഥാക്രമം 25,500 രൂപയും, 20,400 രൂപയും വീതം വര്‍ധിപ്പിച്ചത്. അസാധാരണമായ ഈ ശമ്പള വര്‍ധനവിനെ പറ്റി 2018ല്‍ ധനകാര്യ വകുപ്പിലെ വിജിലന്‍സ് വിഭാഗം അന്വേഷിച്ചിരുന്നു. ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങളും ശേഖരിച്ചു. എന്നാല്‍ ഉന്നത ഇടപെടല്‍ വന്നതോടെ ഈ അന്വേഷണം നിലച്ചു.
ഇതിനു പിന്നാലെയാണ് വീണ്ടും ശമ്പള തോന്നും പടി ഉയര്‍ത്തിയത്. എന്നാല്‍ 2013ലെ യുഡിഎഫ് സര്‍ക്കാരാണ് കരാര്‍ ജീവനക്കാരുടെ വേതന വര്‍ധനയ്ക്ക് ശുപാര്‍ശ നല്‍കിയതെന്ന് സാക്ഷരതാ മിഷന്‍ ഡയറക്ടർ പിഎസ് ശ്രീകല പറഞ്ഞു. എന്നാല്‍ 2013ല്‍ സാക്ഷരതാ മിഷന്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ വേതന വര്‍ധന ശുപാര്‍ശ അന്നു തന്നെ അംഗീകരിക്കപ്പെട്ടിരുന്നെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ക്ക് 4000 രൂപയും അസിസ്റ്റന്‍റ് കോര്‍ഡിനേറ്റര്‍മാര്‍ക്ക് 3400 രൂപയുമാണ് അന്ന് വര്‍ധിപ്പിച്ചത്.