തൃശൂര്‍ : കേരള സംഗീതനാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന് അവസരം നിഷേധിച്ചത് വിവാദമായി. അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ സഹോദരനായ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയാണ് സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തനിക്ക് അവസരം നിഷേധിച്ചതായി വെളിപ്പെടുത്തിയത്.
‘രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാന്‍ അവസരം തരികയാണെങ്കില്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാകും. ഞങ്ങള്‍ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ. അവസരം തരികയാണെങ്കില്‍ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും’എന്നാണഅ അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ കെ.പി.എ.സി ലളിത വഴി തന്നോട് പറഞ്ഞതെന്ന് ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു.
കേരള സംഗീത നാടക അക്കാദമിയില്‍ ആരംഭിച്ച ഓണ്‍ലൈന്‍ നൃത്തോത്സവത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് രാമകൃഷ്ണന്‍ നല്‍കിയ അപേക്ഷ തള്ളുകയായിരുന്നു. മോഹിനിയാട്ടത്തില്‍ എം.ഫില്ലും പി.എച്ച്.ഡിയുമുള്ള രാമകൃഷ്ണന്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിതയുടെ നിര്‍ദ്ദേശ പ്രകാരമാണ് അപേക്ഷ സമര്‍പ്പിച്ചത്.
അതേസമയം അക്കാദമിയുടെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അക്കാദമി സെക്രട്ടറിയുടെ നിലപാട് ലിംഗ, ജാതി വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തുവന്നു. സെക്രട്ടറിയുടെ നടപടിക്കെതിരെ സംസ്‌ക്കാരിക മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍.
ഡോ. ആര്‍.എല്‍.വി രാമകൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പ്
ശരിക്കും ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞ വാക്കുകള്‍ എന്റെ ഹൃദയത്തെ വല്ലാതെ പിടിച്ചുലച്ചു. കേവലമായ ഒരു ഓണ്‍ലൈന്‍ നൃത്ത പരിപാടിക്കായി അപേക്ഷ സമര്‍പ്പിച്ച എനിക്ക് കേള്‍ക്കേണ്ടി വന്ന വാക്കുകള്‍ കര്‍ണ്ണ ഭേദമായിരുന്നു. ആ വാക്കുകള്‍ ഇങ്ങനെ “കേരള സംഗീത നാടക അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളായി മികച്ചതാണ്. രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാന്‍ അവസരം തരികയാണെങ്കില്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാകും. ഞങ്ങള്‍ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ. എനിക്ക് അവസരം തരികയാണെങ്കില്‍ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും എന്നുള്ളതായിരുന്നു സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞതായി ചെയര്‍ പേഴ്സണ്‍ എന്നെ അറിയിച്ചത്. ”
ഈ ഒരു കാര്യം എന്നിലെ കലാകാരനെ ഏറെ വേദനിപ്പിച്ചു. 35 വര്‍ഷത്തിലധികമായി ഞാന്‍ ചിലങ്ക കെട്ടാന്‍ തുടങ്ങിയിട്ട്. കൂലിപണിക്കാരായ അച്ഛനും അമ്മയ്ക്കും ഒരു ചിലങ്ക വാങ്ങിത്തരാന്‍ കഴിവില്ലാത്തതിനാല്‍ മറ്റുള്ളവരുടെ ചിലങ്ക കടം വാങ്ങിയാണ് ആദ്യ കാലങ്ങളില്‍ ഞാന്‍ ചിലങ്ക കെട്ടിയത്. പിന്നെ കൂലിപണിയെടുത്ത് ഒരു ചിലങ്ക വാങ്ങിയതു മുതല്‍ കഷ്ട്ടപ്പെട്ട് നൃത്തത്തില്‍ ഉന്നത ബിരുദങ്ങള്‍ നേടിയതും ഡോക്ടറേറ്റ് നേടിയതും ഈ കലയില്‍ ഉറച്ചുനില്‍ക്കണമെന്ന നിശ്ചയദാര്‍ഢ്യം ഉള്ളതു കൊണ്ടാണ്. എന്റെ ചിലങ്കകള്‍ എന്റെ ഹൃദയ താളം കൂടിയാണ്. അതുകൊണ്ട് തന്നെ ആ ഹൃദയം താളം നിലച്ചാലെ എന്റെ ചിലങ്കകളുടെ ശബ്ദം ഇല്ലാതാവുകയുള്ളൂ. സംഗീത നാടക അക്കാദമിയുടെ വേദി മാത്രമല്ല മോഹിനിയാട്ടം അവതരിപ്പിക്കാന്‍ പറ്റുന്നത് എന്ന ഉറച്ച ബോധ്യം എനിക്കുണ്ട്.
എന്നാല്‍ ആ വേദി ഏത് സാധാരണക്കാരനും വേണ്ടിയുള്ളതാവണം. അത് സര്‍ക്കാരിന്റെ വേദിയാണ്. ഇതു പോലുള്ള ഫ്യൂഡല്‍ വ്യവസ്ഥിതി നെഞ്ചിലേറ്റി നടക്കുന്ന തമ്ബുരാക്കന്‍ ന്മാര്‍ക്ക് അടക്കിവാഴാനുള്ളതല്ല ആ വേദി. ഇവരെ പോലുള്ളവരുടെ പ്രവൃത്തികളില്‍ നാണക്കേടുണ്ടാക്കുന്നത് സര്‍ക്കാറിനാണ്. സര്‍ക്കാര്‍ എല്ലാം വിശ്വസിച്ചാണ് ഇവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നത്. ഇവരുടെ ബോധമില്ലായ്മയ്ക്ക് ഉത്തരവാദികളാകുന്നത് സര്‍ക്കാര്‍ കൂടിയാണ്.