ന്യൂഡൽഹി : കേരളത്തിലെ ആറു ജില്ലകളടക്കം രാജ്യത്ത് 170 ജില്ലകൾ കോവിഡ് തീവ്രബാധിത മേഖലകളെന്ന് (ഹോട്ട് സ്പോട്ടുകൾ) കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. 207 ജില്ലകളെ കോവിഡ് വ്യാപനസാധ്യത മേഖലയായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാസർകോട്, കണ്ണൂർ, മലപ്പുറം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നിവയാണ് തീവ്രബാധിത ജില്ലകളായി പ്രഖ്യാപിച്ചത്. കോവിഡ് പോസിറ്റീവ് കേസുകൾ നിലവിലുള്ളതും പെരുകുന്നതുമായ സ്ഥലങ്ങളാണ് കോവിഡ് തീവ്രബാധിത മേഖല.
അതേസമയം കോവിഡ് വ്യാപനം വലിയതോതിൽ ഇല്ലാത്തതും പോസിറ്റീവ് കേസുകളുടെ എണ്ണം കുറവ് ആയതുമായ തൃശൂർ, കൊല്ലം, ഇടുക്കി, പാലക്കാട്, കോട്ടയം, ആലപ്പുഴ തുടങ്ങിയവ ഹോട്ട് സ്പോട്ട് ഇതര ജില്ലകളിലാണുള്ളത്. എന്നാൽ വയനാട് ക്ലസ്റ്റർ വ്യാപന മേഖല ഉൾപ്പെട്ട ജില്ലകളുടെ പട്ടികയിലാണ്. കോവിഡ് വ്യാപന വർധനവിന്റെ അടിസ്ഥാനത്തിൽ വിവിധ ക്ലസ്റ്ററുകൾ ചേർന്നതാണ് തീവ്രബാധിത മേഖലകൾ. രാജ്യത്തെ തീവ്രബാധിത മേഖലകൾക്കായി ആരോഗ്യ മന്ത്രാലയം മാർഗരേഖയും പുറത്തിറക്കി. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഹെൽത്ത് സെക്രട്ടറിമാരുമായി കാബിനറ്റ് സെക്രട്ടറി ചർച്ച നടത്തി. കോവിഡ് പരിശോധന വ്യാപകമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. തീവ്രബാധിത മേഖലകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം കൃത്യമായി നിരീക്ഷിക്കും. ഈ മേഖലകളിലെ എല്ലാ വീടുകളിലെയും താമസക്കാരുടെ ആരോഗ്യ സ്ഥിതിയും രോഗലക്ഷണം ഉള്ള ആളുകളുടെ സാമ്പിളും പരിശോധിക്കും. കോവിഡ് ചികിത്സക്ക് മാത്രമായി പ്രത്യേകം ആശുപത്രി സ്ഥാപിക്കാൻ സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരുമായി ഇടപഴകിയ എല്ലാവരെയും കണ്ടെത്തണം.