കുറഞ്ഞ ചെലവില്‍ ഒരു മിനിറ്റിനുള്ളില്‍ രോഗനിര്‍ണയം നടത്തുന്ന ഡിജിറ്റല്‍ ഹെല്‍ത്ത് കിയോസ്കുമായി വെര്‍സിക്കിള്‍ ടെക്നോളജീസ് എന്ന മലയാളി സ്റ്റാര്‍ട്ടപ്. പ്രോഗ്നോസിസ് എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണം വിവിധ ഭാഷകളില്‍ പ്രവര്‍ത്തിക്കും. ടച്ച് സ്ക്രീനിലൂടെ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നല്കുന്ന വിവരങ്ങള്‍ കിയോസ്കിലെ സംവിധാനം നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്യും. രക്തസമ്മര്‍ദ്ദം, ഹൃദയാരോഗ്യം (ഇസിജി റീഡര്‍), ശരീരഭാരം എന്നിവ ഇതിലൂടെ അറിയാം. നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയ ചാറ്റ് ബോട്ടിന്‍റെ നിര്‍ദ്ദേശത്തിനനുസരിച്ചാണ് രോഗി വിവരങ്ങള്‍ നല്‍കേണ്ടത്. രോഗിയ്ക്ക് ഇരിക്കാനുള്ള സംവിധാനവും ഇതിലുണ്ട്.
രോഗനിര്‍ണയം ഒരു മിനിറ്റിനുള്ളില്‍ ലഭിക്കുമെന്നതിന് പുറമെ പ്രാഥമിക പരിശോധനയില്‍ എന്തെങ്കിലും താളപ്പിഴകള്‍ കാണുകയാണെങ്കില്‍ ഉടന്‍ തന്നെ രോഗിയ്ക്ക് മുന്നറിയിപ്പും നല്‍കും. ടെലിഹെല്‍ത്ത് സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഡോക്ടറെ നേരിട്ട് കാണാതെ തന്നെ മരുന്നും വൈദ്യോപദേശവും ലഭിക്കും. കേരളത്തിലെ ഇത്തരം ആദ്യ ഹെല്‍ത്ത് ടെക് ഉത്പന്നമായിരിക്കുമിതെന്ന് വെര്‍സിക്കിള്‍സ് സിഇഒ മനോജ് ദത്തന്‍ പറഞ്ഞു. സാധാരണ ഈ ഉപകരണങ്ങള്‍ വെയ്ക്കുന്ന ആശുപത്രി പോലുള്ള സ്ഥലങ്ങള്‍ക്ക് പുറമെ ടെക്നോളജി പാര്‍ക്കുകളിലും ഓഫീസുകളിലും പ്രോഗ്നോസിസ് സ്ഥാപിക്കും. പ്രോഗ്നോസിസ് ഹെല്‍ത്ത് കിയോസ്ക് ആശുപത്രികളില്‍ ഏറെ ഉപയോഗപ്രദമാണ്. വിവരങ്ങള്‍ നല്‍കല്‍, വിവിധ മെഡിക്കല്‍ സേവനങ്ങള്‍ എന്നിവയ്ക്ക് പുറമെ ആരോഗ്യബോധവത്കരണത്തിനും ഇതുപയോഗിക്കാം.