കൊച്ചി : സംസ്ഥാന സർക്കാരിന്റെ അപകട ഇൻഷുറൻസ് പദ്ധതിയിൽനിന്ന് വൈദ്യുതിബോർഡ് പുറത്തായി. ഇൻഷുറൻസ് പോളിസികൾ അടിച്ചേൽപ്പിക്കാനുള്ള ധനവകുപ്പ് തീരുമാനം ജീവനക്കാർ തള്ളിയതോടെയാണിത്. പകരം ബോർഡിന്റെ എംപ്ലോയീസ് വെൽഫെയർ ഫണ്ട് മുഖാന്തരം അപകട ഇൻഷുറൻസ് നടപ്പാക്കാനാണ് ആലോചന. മുപ്പതിനായിരത്തിലേറെ ജീവനക്കാരാണ് ബോർഡിനുകീഴിലുള്ളത്.
സംസ്ഥാന സർക്കാർ 2007-മുതലാണ് ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റ് ഇൻഷുറൻസ് സ്‌കീം (ജി.പി.എ.ഐ.എസ്.) നടപ്പാക്കിയത്. ഇതിലൂടെ പത്തുലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. അപകടമരണങ്ങൾ അടിക്കടിയുണ്ടാവുന്ന വൈദ്യുതിബോർഡിനെ ‘ഹൈ റിസ്‌ക്’ വിഭാഗത്തിലാണ് ഇൻഷുറൻസ് വകുപ്പ് ഉൾപ്പെടുത്തിയത്. 850 രൂപയാണ് ജീവനക്കാരിൽനിന്ന് പ്രതിവർഷം ഈടാക്കിയിരുന്നത്. സർവീസിലിരിക്കെ മരണമടഞ്ഞാൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കു. സർക്കാർജീവനക്കാർക്ക് ഇത് 400 രൂപയാണ്.
എന്നാൽ 2021 -ൽ ഇൻഷുറൻസ് പദ്ധതി പുതുക്കണമെങ്കിൽ, ഇൻഷുറൻസ് വകുപ്പിന്റെ സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് (എസ്.എൽ.ഐ.), ഗ്രൂപ്പ് ഇൻഷുറൻസ് സ്‌കീം (ജി.ഐ.എസ്.) എന്നീ പദ്ധതികളിൽക്കൂടി ജീവനക്കാർ ചേരണമെന്ന് ധനകാര്യവകുപ്പ് കർശന നിർദേശം വെച്ചു. തസ്തികയനുസരിച്ച് പ്രതിമാസം 200 രൂപമുതൽ 600 രൂപവരെയാണ് എസ്.എൽ.ഐ.യുടെ പ്രീമിയം. ജി.ഐ.എസിന് ഇത് 350 രൂപമുതൽ 600 രൂപവരെയും. വിരമിച്ചശേഷം മൊത്തംതുകയുടെ 70 ശതമാനം തിരിച്ചുലഭിക്കും. ഇതിന് എട്ടുശതമാനം പലിശയുമുണ്ടാകും. എൽ.ഐ.സി. പദ്ധതികളിൽ അംഗങ്ങളായതിനാൽ നിലവിൽ വർഷത്തിൽ അടയ്ക്കുന്ന 850 രൂപയ്ക്ക് പുറമേ പണമടച്ച് ഈ പുതിയ സ്കീമുകളിൽക്കൂടി ചേരാൻ ജീവനക്കാർ തയ്യാറായില്ല. എസ്.എൽ.ഐ, ജി.ഐ.എസ്. പദ്ധതികൾക്ക് ആദായനികുതി ഇളവും ലഭിക്കില്ലെന്ന് സൂചന ലഭിച്ചതോടെയാണ് എതിർപ്പ് വന്നത്. ജീവനക്കാരിൽനിന്ന് പ്രീമിയം തുക വൈദ്യുതിബോർഡ് പിടിച്ചെങ്കിലും അടയ്ക്കാതെ സൂക്ഷിച്ചിരിക്കുകയാണ്. ഇതോടെ പുതിയ അപകട ആശ്വാസ സഹായധനപദ്ധതി നടപ്പാക്കണമെന്ന ആവശ്യം വെൽഫെയർ ഫണ്ടിന്റെ അടുത്ത ഭരണസമിതിയോഗത്തിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിരിക്കുകയാണ് ബോർഡ്.