തിരുവനന്തപുരം: അന്‍പത്തി മൂന്നാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് നടത്തുന്ന പത്രസമ്മേളനത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക. മികച്ച നടന്‍, നടി, സിനിമ, തിരക്കഥ തുടങ്ങി പ്രധാന വിഭാഗങ്ങളിലേക്കെല്ലാം ശക്തമായ മത്സരമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്. ബംഗാളി സംവിധായകൻ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് സിനിമകൾ വിലയിരുത്തിയത്.
ലിജോ ജോസ് പെല്ലിശ്ശേരി – മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം, രതീഷ് ബാലകൃഷ്ണ പൊതുവാള്‍ – കുഞ്ചാക്കോ ബോബൻ ചിത്രം ന്നാ താൻ കേസ് കൊട്, തരൂൺ മൂർത്തിയുടെ സംവിധാനത്തിലൊരുങ്ങിയ സൗദി വെള്ളക്ക, നവാഗത സംവിധായിക രത്തീന – മമ്മൂട്ടി ചിത്രം പുഴു, അലൻസിയർ, സണ്ണി വെയിൻ, അനന്യ എന്നിവർ പ്രധാന താരങ്ങളായ അപ്പൻ, ടൊവിനോ തോമസ് നായകനാകുന്ന അദൃശ്യ ജാലകങ്ങൾ തുടങ്ങിയ ചിത്രങ്ങളാണ് മികച്ച സിനിമയ്ക്കുള്ള സാധ്യത പട്ടികയില്‍ മുന്‍ നിരയിലുള്ളത്. ഇലവീഴാപൂഞ്ചിറ, അനേകൻ, അടിത്തട്ട് , ബി32 മുതൽ 44 വരെ തുടങ്ങിയ സിനിമകളും അവസാന റൗണ്ടിലെത്തിയിട്ടുണ്ട്.
നൻപകൽ നേരത്ത് മയക്കം, പുഴു, റോഷാക്ക് ,ഭീഷ്മപർവ്വം തുടങ്ങിയ എണ്ണം പറഞ്ഞ ചിത്രങ്ങളാണ് മികച്ച നടനുള്ള പുരസ്കാരത്തിനായി മത്സരിക്കുന്ന മമ്മൂട്ടിയുടേതായി പോയ വർഷം പുറത്തിറങ്ങിയത്. ന്നാ താൻ കേസ് കൊട്, അറിയിപ്പ് തുടങ്ങിയ ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബന്റെ പ്രതീക്ഷയെങ്കില്‍ വഴക്ക്, അദൃശ്യ ജാലകങ്ങൾ എന്നീ സിനിമകളിലെ അഭിനയം ടൊവിനോയ്ക്കും സാധ്യത പട്ടികയില്‍ ഇടം നല്‍കി. മലയൻ കൂഞ്ഞിലൂടെ ഫഹദ് ഫാസിലും അപ്പനിലെ അഭിനയത്തിന് സണ്ണി വെയിനും അലന്‍സിയറും പട്ടികയിലുണ്ട്.
ഉടലിലെ പ്രകടനവുമായി ഇന്ദ്രൻസും പൂക്കാലത്തിലെ വിജയരാഘവനും മികച്ച നടന്‍മാർക്കുള്ള സാധ്യത പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. മികച്ച നടിമാരുടെ വിഭാഗത്തില്‍ ദർശന രാജേന്ദ്രനും ഭിവ്യ പ്രഭയും തമ്മിലാണ് പ്രധാന മത്സരം. ജയജയജയ ജയഹേ സിനിമയിലെ പ്രകടനമാണ് ദർശന രാജേന്ദ്രന്റെ കരുത്തെങ്കില്‍ അറിയിപ്പിലെ മികവാർന്ന അഭിനയത്തിലാണ് ദിവ്യ പ്രഭ പുരസ്കാരം പ്രതീക്ഷിക്കുന്നത്. ബിന്ദു പണിക്കർ (റോഷാക്ക്), പൗളി വിൽസണ്‍ ( അപ്പന്‍), എന്നിവരും പുരസ്കാര സാധ്യത പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.