ലണ്ടന്‍ : കേരള ടൂറിസം ചുവടുവെച്ചത് ചരിത്രത്തിലേക്ക്. ടൂറിസം വകുപ്പിന്‍റെ വാട്ടർ സ്ട്രീറ്റ് പദ്ധതിക്കു ലഭിച്ച റെസ്പോൺസിബിൾ ടൂറിസം ഗ്ലോബൽ അവാർഡ് ലണ്ടനിൽ ലോക ട്രാവൽ മാർക്കറ്റിൽ നടന്ന ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി. ടൂറിസം ഡയറക്ടർ പി.ബി. നൂഹ്, ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ കെ.രൂപേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സാർവദേശീയ തലത്തിൽ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഇന്റർനാഷനൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസത്തിന്റെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുള്ള അവാർഡ് നിർണയ ജൂറിയുടെ പ്രത്യേക പ്രശംസയാണ് കോട്ടയം ജില്ലയിലെ മറവൻതുരുത്ത് പഞ്ചായത്തിലെ വാട്ടർ സ്ട്രീറ്റിനു ലഭിച്ചത്. ജല സംരക്ഷണ ടൂറിസം പ്രവർത്തനങ്ങളുടെ വിഭാഗത്തിലായിരുന്നു കേരളത്തിനുള്ള അംഗീകാരം.
പദ്ധതി തികച്ചും ജനകീയമായിരുന്നെന്ന് പുരസ്കാരം നൽകിയ ജൂറി വിലയിരുത്തി. മാലിന്യം കെട്ടിക്കിടന്ന കനാലുകളും ജലാശയങ്ങളും ആഴം കൂട്ടി വൃത്തിയാക്കി സംരക്ഷിച്ച് ടൂറിസം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതാണ് പദ്ധതി. വാട്ടർ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ മറവൻതുരുത്തിലെ പ്രവർത്തനങ്ങൾ ജൂറി എടുത്ത് പറഞ്ഞു.
മറവൻതുരുത്തിലെ 18 നീരൊഴുക്കുകൾ ടൂറിസം പദ്ധതിയുടെ ഭാഗമായി മാറിയപ്പോൾ നാടിന്റെ സൗന്ദര്യം പ്രദേശവാസികളെ മാത്രമല്ല വിദേശകളെയും ആകർഷിച്ചു. മറവൻതുരുത്തിനു പുറമേ കടലുണ്ടി, തൃത്താല, പട്ടിത്തറ, വലിയ പറമ്പ, പിണറായി, അഞ്ചരക്കണ്ടി, കാന്തല്ലൂർ, മാഞ്ചിറ, ചേകാടി എന്നിവിടങ്ങളിലും സ്ട്രീറ്റ് പദ്ധതി മുന്നേറുകയാണ്. കോവിഡനന്തര കേരളത്തിന്റെ ടൂറിസം പ്രവർത്തനങ്ങൾക്കു ലഭിച്ച അംഗീകാരമാണ് ഈ പുരസ്കാരം എന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു.